ബയേണ്‍ മ്യൂണിക്കിന്‍റെ മധ്യനിര താരവും ഫ്രഞ്ച് മിഡ്‌ഫീല്‍ഡറുമായ ഫ്രാങ്ക് റിബറിയെ സ്വന്തമാക്കാമെന്ന മാഞ്ചസ്റ്റര്‍ കോച്ച് അലക്സ് ഫെര്‍ഗൂസന്‍റെ മോഹങ്ങള്‍ക്ക് തിരിച്ചടി. താന്‍ ബയേണ്‍ മ്യൂണിക്ക് വിടുകയാണെങ്കില്‍ അത് റയല്‍ മാഡ്രിഡിലേക്ക് ആയിരിക്കുമെന്ന് റിബറി വ്യക്തമാക്കി.
ഇതോടെ റിബറിയെ സ്വന്തമാക്കാമെന്ന മാഞ്ചസ്റ്ററിന്‍റെയും ചെല്‍സിയുടെയും സ്വപ്നങ്ങളില്‍ കരിനിഴല്‍ വീണു. ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. പോകുകയാണെങ്കില്‍ അത് റയലിലേക്ക് മാത്രമായിരിക്കും. ഇക്കാര്യത്തില്‍ ബയേണ്‍ ഡയറക്ടറുമായി ചര്‍ച്ചാ നടത്താന്‍ ആഗ്രഹമുണ്ടെന്നും റിബറി പറഞ്ഞു.
ഈ സീസണില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കാര്‍ലോസ് ടെവസിനെയും നഷ്ടമായ മാഞ്ചസ്റ്റര്‍ റിബറിയെ സ്വന്തമാക്കി മധ്യനിര സുരക്ഷിതമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു. ലിയോണ്‍ സ്ട്രൈക്കര്‍ കരീം ബെന്‍സീമയെ സ്വന്തമാക്കാമെന്ന ഫെര്‍ഗിയുടെ സ്വപ്നങ്ങളും റയല്‍ തകര്‍ത്തിരുന്നു. റൊണാള്‍ഡോയെ റയലിന് വിറ്റതിലൂടെ ലഭിച്ച 80 മില്യണ്‍ പൌണ്ട് കൈവശമുണ്ടെങ്കിലും മികച്ച താരങ്ങളെ വലവീശാനാവാതെ കുഴയുകയാണ് മാഞ്ചസ്റ്റര്‍. |