യൂറോ അണ്ടര്‍ 21-ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിനെ ഗോള്‍മഴയില്‍ മുക്കി ജര്‍മനിയ്ക്ക് കിരീടം. കളിയുടെ തുടക്കത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ഇരുപത്തി മൂന്നാം മിനുറ്റില്‍ ഇംഗ്ലീഷ് കോട്ട ഭേദിച്ച് ഗോണ്‍സാലൊ കാസ്ട്രോ ജര്‍മനിയ്ക്കായി ആദ്യ ഗോള്‍ നേടിയതോടെ ഇംഗ്ലണ്ട് പ്രതിരോധം കളിമറന്നു.
പിന്നീട് അലമാലകള്‍ പോലെ ആഞ്ഞടിച്ച ജര്‍മന്‍ ആക്രമണങ്ങള്‍ക്ക് മുന്നില്‍ ആദ്യപകുതില്‍ അധികം ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍ക്കാനായിരുന്നു ഇംഗ്ലണ്ടിന്‍റെ ശ്രമം. അതില്‍ അവര്‍ വിജയിച്ചെങ്കിലും രണ്ടാം പകുതിയുടെ മൂന്നാം മിനുറ്റില്‍ മെസ്യൂട്ട് ഓസില്‍ ജര്‍മനിയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 30 വാര അകലെ നിന്ന് ഓസില്‍ തൊടുത്ത ഫ്രീ കിക്കാണ് ഇംഗ്ലീഷ് പ്രതിരോധം ഭേദിച്ച് വലകുലുക്കിയത്. പിന്നീട് രണ്ടും കല്‍പ്പിച്ച് ആക്രമിച്ച ഇംഗ്ലണ്ടിന് നിരവധി അവസരങ്ങള്‍ തുറന്നു കിട്ടിയെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ ഇംഗ്ലീഷ് യുവനിരയ്ക്കായില്ല.
58 ആം മിനുറ്റില്‍ ഇംഗ്ലണ്ടിന്‍റെ ലീ കാറ്റെര്‍മോള്‍ തൊടുത്ത ഷോട്ട് ജര്‍മന്‍ ക്രോസ് ബാറില്‍ തട്ടി മടങ്ങിയതോടെ ഇത് ഇംഗ്ലണ്ടിന്‍റെ ദിനമല്ലെന്ന് വ്യക്തമായി. ജെയിംസ് മില്‍നറുടെ ഗോളെന്നുറച്ച ഷോട്ട് ജര്‍മന്‍ ഡിഫന്‍ഡര്‍ ആന്‍ഡ്രിയായ് ബെക്ക് ഗോള്‍ ലൈന്‍ സേവിലൂടെ രക്ഷപ്പെടുത്തിയതോടെ ഇംഗ്ലീഷ് പ്രതീക്ഷ കരിഞ്ഞു.
79 ആം മിനുറ്റില്‍ സാന്‍ഡ്രൊ വാഗ്നര്‍ ഗോളെന്നുറച്ച തുറന്ന അവസരം നഷ്ടമാക്കിയെങ്കിലും ജര്‍മനിയ്ക്ക് നിരാശപ്പെടേണ്ടിവന്നില്ല. അടുത്ത് മിനുറ്റില്‍ വാഗ്നര്‍ തന്നെ ഒരു ചിപ് ഷോട്ടിലൂടെ ജര്‍മനിയുടെ മൂന്നാം ഗോള്‍ നേടി കിരീടം ഉറപ്പാക്കി. നാല് മിനുറ്റിന് ശേഷം വഗ്നര്‍ തന്‍റെ രണ്ടാം ഗോള്‍ നേടി ഇംഗ്ലണ്ടിന്‍റെ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ചു. |