റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ നഷ്ടം നികത്താന്‍ തനിക്കാവുമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെയ്‌ന്‍ റൂണി. വിംഗര്‍ എന്ന നിലയില്‍ നിന്ന് തന്നെ മുന്നേറ്റ നിരയില്‍ നിയോഗിക്കാന്‍ കോച്ച് അലക്സ് ഫെര്‍ഗൂസന്‍ തയ്യാറാവുകയാണെങ്കില്‍ മാഞ്ചസ്റ്ററിന് ക്രിസ്റ്റിയാനോയുടെ നഷ്ടം അനുഭവപ്പെടില്ലെന്നും റൂണി പറഞ്ഞു.
ക്രിസ്റ്റിയാനൊ മാഞ്ചസ്റ്റര്‍ വിടുകയും ടെവസ് തിരിച്ചു പോകുകയും ചെയ്തതോടെ വിഷമവൃത്തത്തിലാണ് മാഞ്ചസ്റ്റര്‍ ഇപ്പോള്‍. കഴിഞ്ഞ സീസണിലും അതിന് മുന്‍പുള്ള സീസണിലും റോണോ-ടെവസ് സഖ്യം ഞങ്ങള്‍ക്കായി ഒട്ടേറെ ഗോളുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ തന്നെ മുന്നേറ്റ നിരയിലേക്ക് നിയോഗിക്കുകയാണെങ്കില്‍ റോണൊയുടെയും ടെവസിന്‍റെയും നഷ്ടം നികത്താനാവും. ഇക്കാര്യം താന്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും റൂണി പറഞ്ഞു.
എന്നെ എന്‍റെ ശരിയായ സ്ഥാനത്ത് കളിക്കാന്‍ നിയോഗിക്കുകയാണെങ്കില്‍ ഞാനത് ചെയ്യാന്‍ പ്രാപ്തനാണ്. എനിക്ക് ഉചിതമാണെന്ന് കരുതുന്ന പൊസിഷനില്‍ കളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. സെന്‍റര്‍ ഫോര്‍വേര്‍ഡ് എന്ന നിലയിലാണ് ഞാന്‍ മികവ് കാട്ടുന്നതെന്ന് ഭൂരിഭാഗം പേരും വിശ്വസിയ്ക്കുന്നു. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിക്കാനാവുക എന്നതും പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിടാനാകുക എന്നതും മാഞ്ചസ്റ്ററില്‍ കളിക്കുന്നത് കൊണ്ട് മാത്രം ലഭിക്കുന്ന ഭാഗ്യങ്ങളാണ്. എങ്കിലും വിംഗര്‍ എന്ന നിലയില്‍ തനിക്ക് തന്‍റെ യഥാര്‍ത്ഥ കഴിവുകള്‍ പ്രകടമാക്കാന്‍ കഴിയുന്നില്ലെന്നും റൂണി പറഞ്ഞു. |