അമേരിക്കന്‍ അധിനിവേശം ബ്രസീലിലേക്കും വ്യാപിക്കുമോ. കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ ഇന്ന് അമേരിക്കയെ നേരിടുന്ന ബ്രസീലിന് കീഴടക്കേണ്ടത് സെമിയില്‍ സ്പെയിനിന്‍റെ കഥ കഴിച്ച അമേരിക്കയുടെ ആക്രമണോത്സുകതയെ തന്നെയായിരിക്കും. എന്നാല്‍ ഫൈനലുകളില്‍ കളിമറക്കുന്ന ചരിത്രം ബ്രസീലിനില്ല എന്നത് അമേരിക്കയുടെയും തലവേദനയാണ്.
എങ്കിലും ആക്രമിക്കുക എന്നത് അമേരിക്കന്‍ രീതിയും പ്രതിരോധിക്കുക എന്നത് മറ്റുളളവരുടെ ബാധ്യതയുമാകുമ്പോള്‍ ഫൈനലില്‍ ഒരു അട്ടിമറി മണക്കുന്നവരുണ്ട്. ഗ്രൂപ്പ് പോരില്‍ അമേരിക്കയെ തോല്‍പ്പിച്ചത് ബ്രസീലിന് ആത്മവിശ്വാസം നല്‍കുമെങ്കിലും അന്ന് കണ്ട അമേരിക്കയല്ല ഇപ്പോള്‍ ബ്രസീലിന് മുന്നിലുള്ളതെന്നത് ദുഗയ്ക്കും കൂട്ടര്‍ക്കും തലവേദനയുമാവും. സംശയമുണ്ടെങ്കില്‍ സ്പെയിനിനോട് ചോദിച്ചാല്‍ മതി.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ആരും പ്രതീക്ഷിക്കാതിരുന്ന കലാശക്കളിയാണിത്. ഗ്രൂപ്പ് മല്‍സരങ്ങളില്‍ ബ്രസീലിനോടും ഇറ്റലിയോടും തകര്‍ന്ന അമേരിക്ക പിന്നീട് ഉയിര്‍ത്തെഴുന്നേറ്റു. ബ്രസീല്‍ പതിവു ഫോമിനടുത്തെങ്ങുമല്ലെങ്കിലും ഒരു കളിയില്‍ പോലും തോല്‍ക്കാതെ ഫൈനലില്‍ സ്ഥാനം ഉറപ്പാക്കി. ഇരു ടീമുകളും 15 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഒരു തവണ മാത്രമാണ് അമേരിക്കയ്ക്കു വിജയിക്കാനായത്. 1998ലെ കോണ്‍കകാഫ് സ്വര്‍ണക്കപ്പിന്റെ സെമിയില്‍
ഇന്നു വിജയിച്ചാല്‍ ബ്രസീല്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് മൂന്നാമത്തെ കോണ്‍ഫെഡറേഷന്‍സ് കിരീടത്തിന് ഉടമകളാകും. 1997, 2005 ടൂര്‍ണമെന്റുകളിലായിരുന്നു നേരത്തേയുള്ള കിരീട വിജയങ്ങള്‍. തുടക്കത്തില്‍ത്തന്നെ കഴിയുന്നത്ര ഗോളുകള്‍ നേടി മല്‍സരം വരുതിയിലാക്കാനാകും ദുംഗയുടെ ശ്രമം. ഫൈനലുകളില്‍ ഇക്കാര്യത്തില്‍ ബ്രസീല്‍ പല തവണ മികവു കാട്ടിയിട്ടുമുണ്ട്.
കഴിഞ്ഞ മല്‍സരത്തില്‍ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തായ മിഡ്ഫീല്‍ഡര്‍ മൈക്കല്‍ ബ്രാഡ്‌ലിയുടെ അസാന്നിധ്യമാണ് അമേരിക്കയുടെ പ്രശ്നം. ഫൈനലിനു മുന്‍പ്, മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാന്‍ സ്പെയ്നും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടും. |