ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്‍റന്‍ കിരീടം നേടി നാട്ടില്‍ തിരിച്ചെത്തിയ സൈന നെയ്‌വാളിന് ഉജ്ജ്വല സ്വീകരണം. ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് സൈന തിരിച്ചെത്തിയത്. സ്വീകരണം നല്‍കാനായി നൂറ് കണക്കിന് ആരാധകര്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ തടിച്ചുക്കൂടിയിരുന്നു.
ഇതെന്‍റെ ജീവിതത്തിലെ മികച്ചതും അത്ഭുതകരവുമായ വിജയമായിരുന്നു. ഇനിയും കൂടുതല്‍ സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ നേടാനാകുമെന്നാണ് താന്‍ കരുതുന്നത്. മുന്‍നിര താരങ്ങളോട് പൊരുതിയാണ് ഇന്തോനേഷ്യന്‍ ഓപ്പണ്‍ കിരീടം നേടിയത്. എന്നാല്‍, മലേഷ്യയില്‍ ആദ്യ രണ്ട് കളികളും കഠിനമേറിയതായിരുന്നു. കോര്‍ട്ടില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല- വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സൈന.
ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്‍റന്‍ ഫൈനലില്‍ ലോക മൂന്നാം നമ്പര്‍ താരവും മൂന്നാം സീഡുമായ ചൈനക്കാരി ലിന്‍ വാങ്ങിനെ പരാജയപ്പെടുത്തിയാണ് സൈന കിരീടം നേടിയത്. സൈനയുടെ ആദ്യ സൂപ്പര്‍ സീരീസ് കിരീടവും ഒരു ഇന്ത്യന്‍ വനിത നേടുന്ന ആദ്യ സൂപ്പര്‍ സീരീസ് കിരീടവുമായിരുന്നു ഇത്. നിലവില്‍ ലോക റാങ്കിങ്ങില്‍ ഏഴാം സ്ഥാനക്കാരിയാണു സൈന. |