ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ കളിയാണ് താന്‍ കണാനാഗ്രഹിക്കുന്നതെന്ന് ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെ. തനിക്കേറ്റവും പ്രിയപ്പെട്ടത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗാണെന്നും പെലെ വ്യക്തമാക്കി. 1970കളിലെയും 80കളിലെയും ലിവര്‍പൂളിന്‍റെയും , 90കളിലെയും 2000ലെയും മാഞ്ചസ്റ്റരിന്‍റെയും കളി തന്നെ വല്ലാതെ ആകര്‍ഷിച്ചുവെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പെലെ പറഞ്ഞു.
മാഞ്ചസ്റ്ററിനെ ഇഷ്ടപ്പെടാനുളള കാരണം എന്താണെന്ന് തനിക്കറിയില്ല. ബ്രസീലിനെപ്പോലെ ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കുന്നത് അവരായതു കൊണ്ടായിരിക്കാം. കഴിഞ്ഞ 15 വര്‍ഷമായി താന്‍ മാഞ്ചസ്റ്ററിന്‍റെ കളി ആസ്വദിയ്ക്കുന്നുണ്ടെന്നും പെലെ പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളാണ് ബ്രസീലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും. ഇരു ടീമുകളും എല്ലാ കളിയിലും പൂര്‍ണമികവ് പുറത്തെടുക്കാന്‍ ശ്രമിക്കുന്നത് കൊണ്ടായിരിക്കുമിത്. ലോകത്തെ ഏറ്റവും ആസ്വാദ്യകരമായത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും പെലെ പറഞ്ഞു. |