ദക്ഷിണാഫ്രിക്കയില്‍ അടുത്തവര്‍ഷം നടക്കുന്ന ഫുട്ബോള്‍ ലോകകപ്പില്‍ ആഫ്രിക്കന്‍ ടീമുകള്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ ലോകകപ്പില്‍ ആഫ്രിക്കയില്‍ നിന്നുള്ള ടീമുകളുടെ എണ്ണം കൂട്ടുന്ന കര്യം പരിഗണിക്കുമെന്ന് ഫിഫ പ്രസിഡന്‍റ് സെപ് ബ്ലാറ്റര്‍.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് ആറു ടീമുകളാണ് അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ പങ്കെടുക്കുന്നത്. ഇതില്‍ അഞ്ച് ടീമുകള്‍ യോഗ്യതാ റൌണ്ടിലൂടെയും ദക്ഷിണാഫ്രിക്ക ആതിഥേയര്‍ എന്ന നിലയിലുമാണ് യോഗ്യത നേടിയത്. അതേ സമയം യൂറോപ്പില്‍ നിന്ന് 13 ടീമുകല്‍ ലോകകപ്പിനെത്തുന്നുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ഇപ്പോള്‍ നടക്കുന്ന കോന്‍ഫെഡറേഷന്‍ കപ്പില്‍ ആതിഥേയരുടെ പ്രകടനത്തില്‍ ബ്ലാറ്റര്‍ മതിപ്പ് പ്രകടിപ്പിച്ചു.
ഇന്നത്തെ കളിനിലവാരം വച്ച് ഒരു ആഫ്രിക്കന്‍ ടീമിന് ലോകകപ്പ് നേടുക എന്നത് അത്ര എളുപ്പമല്ലെന്ന് ബ്ലാറ്റര്‍ പറഞ്ഞു. അതിനാല്‍ തന്നെ ലോകകപ്പിലെ പ്രകടനം അടിസ്ഥാനമാക്കിയായിരിക്കും ആഫ്രിക്കന്‍ ടീമുകളുടെ എണ്ണം കൂട്ടുന്ന കാര്യം പരിഗണിക്കുക. ലോകകപ്പില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നു എന്ന ആനുകൂല്യം ആഫ്രിക്കന്‍ ടീമുകള്‍ക്കുണ്ട്. അതിനാല്‍ തന്നെ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ബ്ലാറ്റര്‍ പറഞ്ഞു. |