ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏറ്റവും വലിയ ഫുട്ബോള്‍ മാമാങ്ക ഫൈനലില്‍ ബ്രസീല്‍ അമേരിക്കയെ നേരിടും. കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമിഫൈനലില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ബ്രസീല്‍ ഫൈനല്‍ പ്രവേശനം കരസ്ഥമാക്കിയത്. എന്‍പത്തിയേഴാം മിനിട്ടില്‍ ഡാനിയല്‍ ആല്‍വസ് നേടിയ ഗോളില്‍ പിടിച്ചു തൂങ്ങിയാണ് ഫുട്ബോള്‍ ലോകത്തെ ശക്തരായ ബ്രസീല്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. ഫൈനല്‍ ഞായറാഴ്ച നടക്കും
കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കയാണ് ബാഴ്‌സലോണാ താരം ആല്‍വസ് ആതിഥേയരെ നിരാശയിലാഴ്ത്തി ഗോള്‍പോസ്റ്റില്‍ നിന്ന് 21 മീറ്റര്‍ അകലെ നിന്നെടുത്ത ഫ്രീകിക്കിലൂടെ വിജയഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ സസ്പന്‍ഷന്‍ ലഭിച്ചതിന്‍റെ ദുഃഖം തീര്‍ക്കല്‍ കൂടിയായിരുന്നു അല്‍വസിന്‍റെ ഈ വിജയഗോള്‍. ആല്‍വസ് വിജയഗോള്‍ നേടും വരെ മല്‍സരം ആരും ജയിക്കാവുന്ന സ്ഥിതിയായിരുന്നു.
സ്വന്തം നാട്ടിലെ കാണികള്‍ക്ക് മുന്നില്‍ കളം നിറഞ്ഞ് കളിച്ച ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കളിയുടെ ആദ്യപകുതിയില്‍ തന്നെ 21ആം മിനിട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കു നല്ലൊരവസരം ലഭിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. പ്രതിരോധ നിരയില്‍ ഉയരക്കാരന്‍ മാത്യു ബൂത്തും മോക്കെയെനയും ഉജ്വല പ്രകടനമാണ് കാഴ്ചവച്ചത്.
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ കക്കായും റാമിറെസും എതിര്‍നിരയിലേക്ക് ഉഗ്രന്‍ കുതിപ്പുകള്‍ നടത്തിയെങ്കിലും കാവല്‍നിരയെ മറികടക്കാനായില്ല. |