പതിനാറ് വയസിനു താഴെയുള്ളവരുടെ ദേശീയ ഫുട്ബോള്‍ ടീമിനെ തെരഞ്ഞെടുക്കാനുള്ള പരിശീലന ക്യാമ്പില്‍ എത്തിയ 17 താരങ്ങളെ പ്രായക്കൂടുതലിന്‍റെ പേരില്‍ തിരിച്ചയച്ചു. എ എഫ് സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പിന്‍റെ യോഗ്യതാ റൌണ്ടില്‍ കളിക്കാനുള്ള ടീമിനെയാണ് മഡ്ഗാവിലെ ചൌഗുളെ കോളജ് കോംപ്ലെക്സില്‍ നടക്കുന്ന പരിശീലന ക്യാമ്പില്‍ തെരഞ്ഞെടുക്കുക. കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളിലെ 17 താരങ്ങളെയാണ് പ്രായക്കൂടുതല്‍ കണ്ടെത്തിയതിന്‍റെ പേരില്‍ തിരിച്ചയച്ചത്.
ഇവരെ എം ആര്‍ ഐ സ്കാനിംഗ് നടത്തിയാണ് പ്രായം നിര്‍ണയിച്ചത്. കേരളത്തിനു പുറമെ ബംഗാള്‍, ഉത്തരാഖണ്ഡ്, മണിപ്പൂര്‍,മിസോറം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ താരങ്ങളോടാണ് ക്യാമ്പ് വിടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉസ്ബെകിസ്ഥാനില്‍ നടന്ന കോണ്ടിനെന്‍റല്‍ കപ്പില്‍ ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍ തന്നെ കളിക്കാരുടെ പ്രായാധിക്യത്തെക്കുറിച്ച് സംശയമുയര്‍ന്നു.
അന്നുയര്‍ന്ന സംശയങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. 2010ലെ എ എഫ് സി അണ്ടര്‍ 16 ടൂര്‍ണമെന്‍റിനുള്ള യോഗ്യതാ റൌണ്ടില്‍ കളിക്കാനുള്ള ടിമിനെയാണ് ഇപ്പോള്‍ തെരഞ്ഞെടുക്കുന്നത്. യു എ ഇ, തുര്‍ക്‍മെനിസ്ഥാന്‍, ഒമാന്‍,ജോര്‍ദാന്‍,കിര്‍ഗിസ്ഥാന്‍ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ യോഗ്യതാ റൌണ്ടി മത്സരിക്കുന്നത്. ഒക്ടോബര്‍ മൂന്നിനാണ് യോഗ്യതാ മത്സരങ്ങള്‍ തുടങ്ങുക. ഗ്രൂപ്പില്‍ നിന്ന് അദ്യ രണ്ട് സ്ഥാനക്കാര്‍ മാത്രമേ ടൂര്‍ണമെന്‍റിന് യോഗ്യത നേടുകയുള്ളു. |