ട്രാന്‍സ്ഫര്‍ വിപണിയില്‍ റയല്‍ മാഡ്രിഡ് വാരിക്കോരി പണമെറിയുമ്പോള്‍ ചാമ്പ്യന്‍സ് ലീഗ് സ്പാനിഷ് ലീഗ് കിരീട നേട്ടത്തിന്‍റെ തിളക്കത്തില്‍ നില്‍ക്കുന്ന ബാര്‍സലോണ പണം കണ്ടെത്താനുള്ള പെടാപ്പെടിലാണ്. വലന്‍സിയയില്‍ നിന്ന് ഡേവിഡ് വിയ്യയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ബാര്‍സ ഇതിനായി കാമറൂണ്‍ സ്ട്രൈക്കര്‍ സമുവല്‍ എറ്റുവിനെ വില്‍ക്കാനൊരുങ്ങുകയാണ്.
വിയ്യയെ സ്വന്തമാക്കാനായി റയലും രംഗത്തുണ്ട്. എന്നാല്‍ വിയ്യ വില്‍പ്പനയ്ക്കില്ലെന്ന് വലന്‍സിയ പ്രസിഡന്‍റ് മാനുവല്‍ ലോറെന്‍റെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നെങ്കിലും ഇത് വിലകൂട്ടല്‍ തന്ത്രമായാണ് ക്ലബ്ബുകള്‍ കാണുന്നത്.വിയ്യയേ ബാര്‍സയുടെ ഭാവി പരിപാടികളില്‍ നിര്‍ണായക താരമായാണ് കാണുന്നതെന്ന് ബാര്‍സ കോച്ച് പെപ്പ് ഗ്വാര്‍ഡിയോളയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പണമാണ് ഇപ്പോള്‍ ബാര്‍സയുടെ പ്രശ്നം.
ഈ ട്രാന്‍സ്ഫര്‍ സീസണില്‍ 35 മില്യണ്‍ പൌണ്ടില്‍ കൂടുതല്‍ ചെലവാക്കില്ലെന്നാണ് ക്ലബ്ബ് വ്യക്തമാക്കിയിരികുന്നത്.എറ്റുവിനെ വില്‍ക്കുന്നതിലൂടെ 30 മുതല്‍ 35 മില്യണ്‍ പൌണ്ട് വരെ സ്വന്തമാക്കാനാവുമെന്നാണ് കരുതുന്നത്. 2010ലാണ് എറ്റുവിന്‍റെ ബാര്‍സയുമായുള്ള കരാര്‍ അവസാനിക്കുന്നത്. |