വിംബിള്‍ഡണ്‍ ടെന്നീസിന്‍റെ രണ്ടാം ദിനം അട്ടിമറികളൊന്നുമില്ലാതെ പ്രമുഖതാരങ്ങള്‍ മുന്നേറ്റം തുടര്‍ന്നു. വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ വീനസ് വില്യംസ് സ്വിറ്റ്സര്‍ലന്‍ഡിന്‍റെ സ്റ്റഫീനൈ വൊഗേലയെ നേരിട്ടുള്ള സെറ്റുകളില്‍(6-3,6-2) തോല്‍പ്പിച്ചപ്പോള്‍ ലോക ഒന്നാം റാങ്കുകാരിയായ റഷ്യയുടെ ദിനാര സഫീന സ്പെയിനിന്‍റെ ലൂര്‍ദ് ഡോമിനക്വസ് ലിനോയെ കടുത്ത പോരാട്ടത്തില്‍(7-5,6-3) മറികടന്നു.
പുരുഷ വിഭാഗത്തില്‍ ബ്രിട്ടന്‍റെ കിരീട പ്രതീക്ഷയായ ലോക മൂന്നാം നമ്പര്‍ താരം ആന്‍ഡി മുറെ കടുത്ത പോരാട്ടത്തില്‍ (7-5 6-7(3) 6-3 6-4) അമേരിക്കയുടെ റോബെര്‍ട്ട് കെന്‍ഡ്രിക്കിന്‍റേ വെല്ലുവിളി അതിജീവിച്ചു.മറ്റ് മത്സരങ്ങളില്‍ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോര്‍ട്ടോ അര്‍ണോള്‍ഡ് ക്ലമെന്‍റിനെയും(6-3 6-1 6-2)ലെയ്റ്റണ്‍ ഹെവിറ്റ്, റോബി ജിനേപ്രിയെയും(6-4 6-1 6-1) തോല്‍പ്പിച്ചു.
മുന്‍ ലോക ഒന്നാം നമ്പര്‍ താരം അന ഇവാനോവിച്ച് ആദ്യ റൌണ്ട് അട്ടിമറിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതാണ് മറ്റൊരു ശ്രദ്ധേയമായ പോരാട്ടം. ലൂസി ഹാര്‍ഡെക്കയ്ക്കെതിരെ രണ്ട് മാച്ച് പോയിന്‍റുകള്‍ അതിജീവിച്ചാണ് അന( 5-7, 6-2, 8-6) രണ്ടാം റൌണ്ട് ഉറപ്പാക്കിയത്. |