കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോള്‍ ആദ്യ സെമിയില്‍ കരുത്തരായ സ്പെയിന്‍ അമേരിക്കയെ നേരിടും. 35 കളികളിലെ അപരാജിത മുന്നേറ്റത്തില്‍ ബ്രസീലിനൊപ്പമാണ് ഇപ്പോള്‍ സ്പെയിന്‍. ഇന്ന് ജയിക്കാനായാല്‍ ഈ റെക്കോര്‍ഡും ഇനി യൂറോപ്യന്‍ ചാമ്പ്യന്‍മാരുടെ പേരിലാവും.
ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് തുടര്‍ച്ചയായ 15 വിജയങ്ങളുടെ റെക്കോര്‍ഡ് കുറിച്ചിരുന്നു. 2006 നവംബറില്‍ റുമാനിയയോടാണ് സ്പെയില്‍ അവസാനമായി പരാജയപ്പെട്ടത്.
ഡേവിഡ് വിയ്യയും ഫെര്‍ണാണ്ടോ ടോറസും അടങ്ങുന്ന മുന്നേറ്റ നിരയുമായാണ് സ്പെയിന്‍ സെമി കളിക്കാനിറങ്ങുന്നത്. ഗ്രൂപ്പ് ബിയില്‍ നിന്നുള്ള ഇറ്റലിയോ ഈജിപ്തോ എതിരാളികളായി എത്തുമെന്നായിരുന്നു സ്പെയിന്‍ കരുതിയിരുന്നത്. അവസാന മത്സരത്തില്‍ ഈജിപ്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തളച്ചാണ് അമേരിക്ക സെമിയില്‍ ഇടം നേടിയത്.
ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും നേടിയ അനായാസ ജയം സ്പെയിനിന് ആത്മവിശ്വാസം പകരുന്നുണ്ട്. എന്നാല്‍ അമേരിക്കയെ ഒട്ടും കുറച്ചുകാണുന്നില്ലെന്ന് തന്നെയാണ് സ്പെയിന്‍ കോച്ച് വിസന്‍റെ ഡെല്‍ ബോസ്ക്വെ അറിയിച്ചത്. എങ്കിലും ടോറസ് - വിയ്യ കൂട്ടുകെട്ടിനെ തളയ്ക്കാന്‍ അമേരിക്കന്‍ പ്രതിരോധം നന്നായി വിയര്‍ക്കേണ്ടി വരും. ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഹാട്രിക് നേടിയ ടോറസ് മികച്ച ഫോമിലുമാണ്.
ഫാബ്രിഗസ്, സാബി അലോണ്‍സോ തുടങ്ങിയവരുടെ കരുത്തും സ്പെയിനിനുണ്ട്. എങ്കിലും കോണ്‍ഫെഡറേഷനില്‍ ഒരു അട്ടിമറി ജയം അമേരിക്ക പ്രതീക്ഷിക്കുന്നുണ്ട്. |