കോണ്‍ഫെഡറേഷന്‍ കപ്പിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ ലോക ചാമ്പ്യന്‍മാരായ ഇറ്റലി ഞായറാഴ്ച ബ്രസീലിനെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ ഈജിപ്തിനോടേറ്റ തോല്‍വിയോടെ ടൂര്‍ണമെന്‍റിന്‍റെ ആദ്യ റൌണ്ടില്‍ തന്നെ പുറത്താകുമെന്ന നാണക്കേടിലാണ് ലോക ചാമ്പ്യന്‍മാര്‍.
ബ്രസീലിനെ രണ്ട് ഗോള്‍ വ്യത്യാസത്തില്‍ മറികടന്നാല്‍ മാത്രമേ ഇറ്റലിക്ക് സെമി സാധ്യതയ്യുള്ളു. എന്നാല്‍ ആദ്യ കളിയില്‍ ഈജിപ്തിനോട് കഷ്ടിച്ച് രക്ഷപ്പെട്ട ബ്രസീലാകട്ടെ അമേരിക്കയെ ആധികാരികമായി തന്നെ തകര്‍ത്ത് സെമി ബര്‍ത്ത് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. ഇറ്റലിക്കെതിരായ ഒരു സമനില കൊണ്ട് മാത്രം ബ്രസീല്‍ സെമി സ്ഥാനം ഉറപ്പിക്കും.
ഗ്രുപ്പില്‍ ആറു പോയിന്‍റുമായി ബ്രസീല്‍ ആണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. ഓരോ ജയവുമായി ഈജിപ്തും ഇറ്റലിയും രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ഈജിപ്താണ് മുന്നില്‍. എന്നാല്‍ നാളത്തെ മത്സരത്തില്‍ ബ്രസീല്‍ രണ്ട് ഗോളുകള്‍ക്ക് തോല്‍ക്കുകയും ഈജിപ്ത് അമേരിക്കയെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിക്കുകയും ചെയ്താല്‍ ദുംഗയുടെ മഞ്ഞപ്പട സെമികാണാതെ പുറത്താവും.
എന്നാള്‍ കണക്കുകള്‍ ബ്രസീലിന് അനുകൂല ഘടകമാണ്. 1982നു ശേഷം അസൂരിപ്പടയ്ക്ക് ബ്രസീലിനെ തോല്‍പ്പിക്കാനായിട്ടില്ല. 1982ലെ ലോകകപ്പിലാണ് ഇറ്റലി 3-2ന് അവസാനമായി മഞ്ഞപ്പടയെ തോല്‍പ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ലണ്ടനില്‍ നടന്ന സൌഹൃദ മത്സരത്തിലും ജയം ബ്രസീലിനൊപ്പം(2-0) നിന്നു. ഇരു ടീമുകളും പരസ്പരം മത്സരിച്ച 13 മത്സരങ്ങളില്‍ ബ്രസീല്‍ ആറെണ്ണം ജയിച്ചപ്പോള്‍ ഇറ്റലി അഞ്ചെണ്ണം ജയിച്ചു. രണ്ട് മത്സരങ്ങള്‍ സമനിലയായി.
|