കാല്‍ മുട്ടിനേറ്റ പരിക്ക് ഭേദമാവാത്തതിനാല്‍ വിംബിള്‍ഡണില്‍ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങണോ എന്ന കാര്യത്തില്‍ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ റാഫേല്‍ നദാല്‍ ഇന്ന് തീരുമാനമെടുത്തേക്കും. വ്യാഴാഴ്ച ലണ്ടനില്‍ ലെയ്റ്റണ്‍ ഹെവിറ്റിനെതിരെ നടന്ന പരിശീലന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകളില്‍(6-3,6-4) നദാല്‍ തോറ്റിരുന്നു. കാലുകളുടെ ചലനം പൂര്‍ണ തോതിലായില്ലെങ്കിലും ഒരു പ്രദര്‍ശന മത്സരത്തില്‍ കൂടി പങ്കെടുത്തശേഷം അന്തിമ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് നദാല്‍.
ഇന്ന് സ്വിറ്റ്സര്‍ലന്‍ഡ് താരമായ സ്റ്റെയിന്‍സ്ലാസ് വാവ്‌റിങ്കയുമായാണ് നദാലിന്‍റെ പ്രദര്‍ശന മത്സരം. ഇതിനുശേഷം തിങ്കളാഴ്ച തുടങ്ങുന്ന വിംബിള്‍ഡണില്‍ പങ്കെടുക്കണമോ എന്ന് നദാല്‍ തീരുമാനിക്കും. നദാലിന്‍റെ ചികിത്സകള്‍ പൂര്‍ണമായിട്ടില്ലെന്നും കാല്‍ മുട്ട് മടക്കുമ്പോള്‍ നദാലിന് ഇപ്പോഴും പ്രയാസമനുഭവപ്പെടുന്നുണ്ടെന്നും നദാലിന്‍റെ അമ്മാവനും പരിശീലകനുമായ ടോണി നദാല്‍ പറഞ്ഞു.
പരിക്കിനെ തുടര്‍ന്ന് വിംബിള്‍ഡണു മുന്നോടിയായുളള ക്വീന്‍സ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റില്‍ നിന്ന് നദാല്‍ പിന്‍മാറിയിരുന്നു. 100 ശതമാനം കായികക്ഷമത കൈവരിക്കാനായില്ലെങ്കില്‍ താന്‍ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങില്ലെന്ന് നദാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. |