മഞ്ഞപ്പടയോട്ടത്തില്‍ അമേരിക്ക മുങ്ങി. കോണ്‍ഫഡറേഷന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ 3-0ന് അമേരിക്കയെ കീഴടക്കി നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീല്‍ കുതിപ്പ് തുടര്‍ന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ആധിപത്യം പുലര്‍ത്തിയ ബ്രസീലിനുവേണ്ടി ആറാം മിനിറ്റില്‍ ഫിലിപ്പി മെലോയും പത്തൊമ്പതാം മിനിറ്റില്‍ റൊബീഞ്ഞോയും അറുപത്തിയൊന്നാം മിനിറ്റില്‍ മൈക്കോണും അമേരിക്കയുടെ വലയിളക്കി.
ജയത്തോടെ ബ്രസീല്‍ അടുത്ത റൗണ്ട് ഉറപ്പാക്കിയപ്പോള്‍ തുടര്‍ച്ചയായ രണ്ടാം പരാജത്തോടെ അമേരിക്ക പുറത്ത് പോവുമെന്ന് ഉറപ്പായി. ആദ്യകളിയില്‍ അമേരിക്ക ഇറ്റലിയോട് 3-1നു തോറ്റിരുന്നു. ഞായറാഴ്ച ഈജിപ്‌തിനെതിരെയാണ് അമേരിക്കയുടെ അവസാന പോരാട്ടം.
തുടക്കം പിഴച്ചതാണ് യുഎസ്‌എയുടെ ഭീമന്‍ തോല്‍വിക്കു കാരണമെന്നു കോച്ച് ബോബ് ബ്രാഡ്‌ലി പറഞ്ഞു. 57-ാം മിനിറ്റില്‍ യുഎസ് താരം സച്ചാ ക്ലെസ്റ്റന്‍ ചുവപ്പുകാര്‍ഡു കണ്ടു പുറത്തുപോയതും അമേരിയ്ക്കയ്ക്കു തിരിച്ചടിയായി. ഈജിപ്‌തിനെ ഉദ്ഘാടനമല്‍സരത്തില്‍ 4-3നു കീഴടക്കിയ ബ്രസീല്‍ അവസാന പോരാട്ടത്തില്‍ ഞായറാഴ്ച ലോകചാംപ്യന്മാരായ ഇറ്റലിയെ നേരിടും. |