യോഗ്യതാ റൌണ്ടില്‍ സൌദി അറേബ്യയെ ഗോള്‍ രഹിത സമനിലയില്‍ തളച്ച് ഉത്തര കൊറിയ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന് യോഗ്യത നേടി. 44 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഉത്തര കൊറിയ ലോകകപ്പില്‍ ബൂട്ടണിയുന്നത്. 1966ലാണ് അവസാനമായി ഉത്തര കൊറിയ ലോകപ്പില്‍ കളിച്ചത്. അന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയ കൊറിയന്‍ ഫുട്ബോളിന് പിന്നീട് കഷ്ടകാലമായിരുന്നു.
സൌത്ത് കൊറിയ, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവയ്ക്കൊപ്പമാണ് ലോകകപ്പ് സാധ്യതാ ലിസ്റ്റില്‍ ഉത്തര കൊറിയ ഇടം പിടിച്ചത്. ആവേശകരമായ മത്സരമാണ് സൌദിക്കെതിരെ ഉത്തര കൊറിയ കാഴ്ച വച്ചത്. ആക്രമിച്ച് കളിച്ച സൌദിക്ക് ഉത്തര കൊറിയയുടെ പ്രതിരോധ വലയം ഭേദിക്കാനായില്ല. കഴിഞ്ഞ നാലുവര്‍ഷമായി ഫുട്ബോള്‍ നിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടി ഉത്തര കൊറിയ നടത്തിയ കഠിന പ്രയത്നത്തിന്‍റെ ഫലമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. തങ്ങളുടെ കളിക്കാര്‍ ഏറെ മെച്ചപ്പെട്ടുവെന്ന് മത്സര ശേഷം കോച്ച് കിം ജോങ് ഹുന്‍ പറഞ്ഞു.
രാജ്യത്തെ പ്രധാന മത്സരം ഫുട്ബോള്‍ ആണെങ്കിലും ടീമിനെ രാജ്യത്തിന് പുറത്ത് പര്യടനം നടത്തുന്നതില്‍ നിന്ന് ഏറേക്കാലമായി സര്‍ക്കാര്‍ വിലക്കിയിരിക്കുകയായിരുന്നു. 1998ലേയും 2002ലേയും ലോകകപ്പ് യോഗ്യതാ റൌണ്ടില്‍ ഉത്തര കൊറിയ മത്സരിച്ചിരുന്നില്ല. 94ല്‍ തെക്കന്‍ കൊറിയയോടും ജപ്പാനോടും തോറ്റ് യോഗ്യതാ റൌണ്ടില്‍ പുറത്താകുകയായിരുന്നു ഉത്തര കൊറിയ. 1999ല്‍ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലാണ് ഉത്തര കൊറിയ അന്താരാഷ്ട്ര ഫുട്ബോള്‍ രംഗത്തേക്ക് തിരിച്ചെത്തിയത്. |