കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് എയില്‍ ഇറാഖിനെ പരാജയപ്പെടുത്തി യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്പെയിന്‍ സെമിയില്‍ കടന്നു. ആക്രമിച്ച് കളിച്ച മുന്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയില്‍ സെമിയില്‍ പ്രവേശിച്ചത്.
തുടരെത്തുടരെ ഇറാഖ് ഗോള്‍ വലയം ലക്‍ഷ്യമാക്കി സ്പെയിന്‍ മുന്നേറ്റം നടത്തിയെങ്കിലും ആദ്യ പകുതിയില്‍ സ്പാനിഷ് പടയ്ക്ക് ഗോള്‍ കണ്ടെത്താനായില്ല. 54-ആാം മിനുട്ടില്‍ ഡേവിഡ് വില്ല ഇറാഖിന്‍റെ ഗോള്‍ വല കുലുക്കി. ആറ് പോയിന്‍റുമായി സ്പെയിന്‍ ഇപ്പോള്‍ ഗ്രൂപ്പില്‍ മുന്നിലാണ്.
മറ്റൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ന്യൂസിലാന്‍ഡിനെ 2-0ത്തിന് പരാജയപ്പെടുത്തി. ആദ്യ കളിയില്‍ ഇറാഖുമായി സമനില വഴങ്ങിയതിനാല്‍ ആതിഥേയരുടെ സെമി സാധ്യത ത്രിശങ്കുവിലാണ്. അടുത്ത മത്സരത്തില്‍ സ്പെയിനിനോട് പരാജയപ്പെടുകയും ഇറാഖ് ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്താകും.
ഗ്രൂപ്പ് ബിയില്‍ ഇന്ന് അമേരിക്ക ബ്രസീലിനേയും ഇറ്റലി ഈജിപ്തിനേയും നേരിടും. ബ്രസീലും ഇറ്റലിയും ഓരോ കളികള്‍ വീതം ജയിച്ചിട്ടുണ്ട്. |