കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എയില്‍ സ്പെയിന്‍ ദുര്‍ബലരായ ന്യൂസിലന്‍ഡിനെ 5-0ത്തിന് തകര്‍ത്തു. സൂപ്പര്‍ സ്ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസിന്‍റെ മൂന്ന് ഗോളിന്‍റെ മികവിലാണ് യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്പെയിന്‍ വിജയിച്ചത്. ചെക് ഫാബ്രിഗാസും ഡേവിഡ് വില്ലയുമാണ് മറ്റ് രണ്ട് ഗോളുകള്‍ നേടിയത്.
കളിയുടെ ആറാം മിനുട്ടില്‍ ടോറസ് പെനാല്‍റ്റി ഏരിയയില്‍ നിന്ന് തൊടുത്ത ഷോട്ട് ആദ്യമായി ന്യൂസിലാന്‍ഡിന്‍റെ വല കുലുക്കി. തുടര്‍ന്ന് പതിനേഴാം മിനുട്ടിലും ഇരുപതാം മിനുട്ടിലും ന്യൂസിലന്‍ഡ് ഗോളിയെ കബളിപ്പിച്ച ടോറസ് തന്‍റെ ദൌത്യം പൂര്‍ത്തിയാക്കി. തുടര്‍ന്ന് വില്ലയും ഫാബ്രിഗാസും ഓരോ ഗോളുകള്‍ നേടി ദൌത്യം പൂര്‍ത്തിയാക്കി. അതേസമയം, കോണ്‍ഫെഡറേഷന്‍ കപ്പ് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഇറാഖ് ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ഗ്രൂപ്പ് എയില്‍ ഇതോടെ ഇരു ടീീമുകള്‍ക്കും ഓരോ പോയിന്‍റ് ആയി.
മികച്ച പ്രകടനമാണ് ഇറാഖ് ആതിഥേയര്‍ക്കെതിരെ പുറത്തെടുത്തത്. പ്രതിരോധത്തിലൂന്നിയായിരുന്നു ഇറാഖിന്‍റെ പോരാട്ടം. ശക്തമായ മുന്നേറ്റങ്ങളൊന്നും നടത്താനായില്ലെങ്കിലും ദക്ഷിണാഫ്രിക്കയുടെ ഗോള്‍ ശ്രമങ്ങളെ ഫലപ്രദമായി തടയാന്‍ ഇറാഖിന് കഴിഞ്ഞു. ആദ്യമായാണ് ഇറാഖ് കോണ്‍ഫെഡറേഷന്‍ കപ്പില്‍ കളിക്കുന്നത്.
ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച ദക്ഷിണാഫ്രിക്കയ്ക്ക് കളിക്കിടെ മധ്യനിരയിലെ സൂപ്പര്‍ താരം സ്റ്റീവന്‍ പീനാറിന്‍റെ പരിക്ക് തിരിച്ചടിയായി. ഇന്ന് ഗ്രൂപ്പ്- ബിയില്‍ ബ്രസീല്‍ ഈജിപ്തിനേയും അമേരിക്ക ഇറ്റലിയേയും നേരിടും. |