കാല്‍ മുട്ടിനേറ്റ പരിക്ക് ഭേദമാവാത്തതിനാല്‍ വിംബിള്‍ഡണില്‍ കിരീടം നിലനിര്‍ത്താനുള്ള സാധ്യതകള്‍ ഇപ്പോഴും തുലാസിലാണെന്ന് ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ജേതാവുമായ റാഫേല്‍ നദാല്‍. ഇരു കാല്‍ മുട്ടുകളിലും ഏറ്റ പരിക്കാണ് തന്‍റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതെന്നും നദാല്‍ തന്‍റെ വെബ്സൈറ്റിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.
പരിക്കിനെ തുടര്‍ന്ന് വിംബിള്‍ഡണു മുന്നോടിയായുളള ക്വീന്‍സ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റില്‍ നിന്ന് നദാല്‍ പിന്‍മാറിയിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി കാല്‍മുട്ടിലെ വേദന സഹിച്ചു കൊണ്ടാണ് താന്‍ കളി തുടര്‍ന്നതെന്നും നദാല്‍ പറഞ്ഞു. ഇനി ഇത് തുടരാനാവില്ല.വേദന കാരണം എനിക്ക് എന്‍റെ ചില ചലനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നു.
ഇത് എന്നെ മാനസികമായും ബാധിച്ചു തുടങ്ങി.എന്നാല്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുംശേഷം വിംബിള്‍ഡണില്‍ പങ്കെടുക്കാനായി 16ന് ലണ്ടനിലേക്ക് പോവാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നദാല്‍ വ്യക്തമാക്കി. ടെന്നീസിലെ ഏറ്റവും സുപ്രധാന ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ ഞാന്‍ 200 ശതമാനവും അര്‍പ്പികകെണ്ടതുണ്ട്. 100 ശതമാനം കായികക്ഷമത കൈവരിക്കാനായില്ലെങ്കില്‍ താന്‍ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങില്ലെന്നും നദാല്‍ വ്യക്തമാക്കി. ജൂണ്‍ 22നാണ് വിംബിള്‍ഡണ്‍ ആരംഭിക്കുന്നത്. |