വിംബിള്‍ഡണിനു മുന്‍പ് ഫോമിലേക്ക് തിരിച്ചെത്താനുള്ള മുന്‍ ലോക ഒന്നാം നമ്പര്‍ താരം മരിയ ഷറൊപ്പൊവയുടെ ശ്രമങ്ങള്‍ക്ക് നല്ല തുടക്കം. എഡ്ജ്‌ബാസ്റ്റണ്‍ ക്ലാസിക് ടെന്നീസ് ടൂര്‍ണമെന്‍റില്‍ ഒരു ദിവസം രണ്ട് മത്സരങ്ങള്‍ ജയിച്ച ഷറപ്പോവ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
വ്യാഴാഴ്ച അമേരിക്കന്‍ താരം അലക്സ ഗ്ലാച്ചുമായുള്ള മത്സരത്തില്‍ ആദ്യ സെറ്റ് നേടുകയും രണ്ടാം സെറ്റില്‍ 5-4 ന് മുന്നിട്ടു നില്‍ക്കുകയും ചെയ്യുമ്പോഴാണ് മഴയെത്തിയത്. ഇതിനെ തുടര്‍ന്ന് മത്സരം ഇന്നത്തേക്ക് മാറ്റി. മാറ്റിവച്ച മത്സരത്തിലെ അവസാന സെറ്റ് 6-4ന് സ്വന്തമാക്കി പ്രീ ക്വാര്‍ട്ടറിലെത്തിയ ഷറപ്പോവ ഇറ്റലിയുടെ ഫ്രാന്‍സെസ്ക ഷിവോണിനെ നേരിട്ടുളള സെറ്റുകളില്‍(6-3,6-1)തകര്‍ത്താണ് ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചത്.
പരിക്കുകാരണം ഒമ്പതു മാസമായി ടെന്നീസ് കോര്‍ട്ടില്‍ നിന്നു വിട്ടു നിന്ന് ഷറപ്പോവയുടെ റാങ്കിംഗ് 73 ലേക്ക് താണിരുന്നു. ഫ്രഞ്ച് ഓപ്പണിലൂടെ ടെന്നീസ് കോര്‍ട്ടിലേക്ക് മടങ്ങിവന്ന ഷറപ്പോവയ്ക്ക് നാലാം റൌണ്ടിനപ്പുറം കടക്കാനായില്ല.ഈ മാസം 22ന് ആരംഭിക്കുന്ന വിംബിള്‍ഡണിലാണ് ഇനി ഷറപ്പോവയുടെ പ്രതീക്ഷകള്‍. |