സന്തോഷ്‌ട്രോഫിയില്‍ കേരളത്തിന്‌റെ കിരീടമോഹങ്ങള്‍ക്ക് മഹാരാഷ്ട്രയുടെ കൂച്ചുവിലങ്ങ്. പ്രീക്വാര്‍ട്ടറില്‍ ആവേശകരമായ മത്സരത്തില്‍ കേരളം മഹാരാഷ്ട്രയോട് ഒരു ഗോളിന് തോറ്റു. ഇതോടെ കേരളം ടൂര്‍ണമെന്‌റില്‍ നിന്ന് പുറത്തായി.
തുടര്‍ച്ചയായി രണ്ടാം തവണയാണ് സന്തോഷ്‌ട്രോഫിയില്‍ കേരളം സെമി കാണാതെ പുറത്താകുന്നത്. കഴിഞ്ഞ വര്‍ഷം കശ്മീരില്‍ നടന്ന ടൂര്‍ണമെന്‌റില്‍ സെമി കാണാതെ പുറത്തായതിനെ തുടര്‍ന്നാണ് ഈ വര്‍ഷം ആദ്യ റൌണ്ട് മുതല്‍ കേരളത്തിന് കളിക്കേണ്ടി വന്നത്.
ആദ്യ മത്സരത്തില്‍ ചണ്ഡീഗഢിനേ(5-0)യും രണ്ടാം മത്സരത്തില്‍ ഛത്തീസ്ഗഢിനേ(3-0)യും തറപറ്റിച്ചതിന്‌റെ ആത്മവിശ്വാസവുമായാണ് പ്രദീപും സംഘവും ഇന്ന് കോവൈയില്‍ കളിക്കാനിറങ്ങിയത്. ആദ്യ പകുതിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്ന കേരളത്തിന് കിട്ടിയ അവസരങ്ങളൊന്നും മുതലാക്കാനായില്ല. ഇതിന് കേരളത്തിന് കനത്ത വില കൊടുക്കേണ്ടിയും വന്നു.
മുന്‍പ് രണ്ട് തവണ മഹാരാഷ്ട്രയോട് തോറ്റ കേരളം ഒരിക്കല്‍ക്കൂടി മഹാരാഷ്ട്രയ്ക്ക് മുന്നില്‍ അടിപതറുന്നതാണ് കോവൈ നെഹ്‌റു സ്റ്റേഡിയത്തില്‍ കണ്ടത്. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് മഹാരാഷ്ട്ര വിജയ ഗോള്‍ നേടിയത്. |