ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി ലോക രണ്ടാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ 14 ഗ്രാന്‍ന്‍ഡ് സ്ലാം കിരീട നേട്ടമെന്ന തന്‍റെ റെക്കോര്‍ഡിനൊപ്പം എത്തുമെന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ താരം പീറ്റ് സാംപ്രാസ്.
പഴയ എതിരാളി ആന്ദ്രേ അഗാസിയുമായി ഒക്ടോബറില്‍ മക്കാവുവില്‍ നടക്കുന്ന പ്രദര്‍ശന മത്സരത്തെക്കുറിച്ച് നടാത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിംബിള്‍ഡണിലെ വിജയിയെ ഫെഡറര്‍ നേരത്തെ പ്രഖ്യാപിച്ചത്. ഇപ്പോള്‍ 13 ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ സ്വന്തമായുള്ള ഫെഡറര്‍ക്ക് ഈയാഴ്ച തുടങ്ങുന്ന ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടിയാല്‍ സാംപ്രാസിനൊപ്പമെത്താം.
ഒപ്പം സാംപ്രാസിന് സ്വന്തമാക്കാന്‍ കഴിയാതിരുന്നു ഫ്രഞ്ച് ഓപ്പണ്‍ കിരീടവും ഫെഡറര്‍ക്ക് ആദ്യമായി സ്വന്തമാക്കാം. കഴിഞ്ഞ മൂന്നു തവണയും ഫൈനലില്‍ റാഫേല്‍ നദാലിനോട് തോറ്റ് മടങ്ങാനായിരുന്നു ഫെഡററുടെ വിധി. തുടര്‍ച്ചയായി അഞ്ചുവര്‍ഷം വിംബിള്‍ഡണില്‍ കിരീടം ചൂടിയ ഫെഡററുടെ വിജയക്കുതിപ്പിന് കഴിഞ്ഞ വര്‍ഷം നദാല്‍ കടിഞ്ഞാണിട്ടിരുന്നു.
എന്നാല്‍ നിലവിലെ ചാമ്പ്യന്‍ എന്ന നിലയില്‍ ഇത്തവണ വിംബിള്‍ഡണില്‍ നദാലിനായിരിക്കും സമ്മര്‍ദ്ദമെന്നും സാംപ്രാസ് പറഞ്ഞു. തന്‍റെ കരിയറിലെ ഏറ്റവും മികച്ച എതിരാളി ആന്ദ്ര അഗാസി ആയിരുന്നുവെന്നും സാംപ്രാസ് കൂട്ടിച്ചേര്‍ത്തു. |