ലോക ഫുട്ബോളിലെ സൂപ്പര്‍ താരമായിരുന്ന മുന്‍ പോര്‍ച്ചുഗല്‍ താരം ലൂയിസ് ഫീഗൊയ്ക്ക് യൂറോപ്പിന് പുറത്തു പന്ത് തട്ടാന്‍ മോഹം. ഒരു കാലത്ത് യൂറോപ്പിലെ ഏറ്റവും വില കൂടിയ താരവും ലോക ഫുട്ബോളറുമായിരുന്ന ഫീഗോ ചൈനീസ് ലീഗിലേക്കാണ് ചേക്കാറാനൊരുങ്ങുന്നത്.
കഴിഞ്ഞ ആഴ്ച ഇറ്റാലിയന്‍ ലീഗില്‍ ഇന്‍റര്‍മിലാനെ തുടര്‍ച്ചയായ നാലാം കിരീട ജയത്തിലേക്ക് നയിച്ചതിനുശേഷമാണ് യൂറോപ്പിലെ കളി മതിയാക്കാന്‍ ആഗ്രഹിക്കുന്നതായി ഫീഗൊ വെളിപെടുത്തിയത്. എന്നാല്‍ ചൈനയില്‍ മാത്രമല്ല അമേരിക്കയിലോ ജപ്പാനിലോ കളിക്കാനും തനിക്ക് താല്‍പ്പര്യമുണ്ടെന്ന് ഫീഗോ പറഞ്ഞു. ചൈനീസ് ക്ലബ്ബിന്‍റെ നിലവിലെ വാഗ്ദാനം സ്വീകരിക്കുന്നതില്‍ തനിക്ക് സന്തോഷമേ ഉള്ളൂവെന്നും ഫീഗൊ വ്യക്തമാക്കി.
കരിയറിന്‍റെ അന്ത്യത്തില്‍ പല പ്രമുഖതാരങ്ങളും ജപ്പാന്‍, അറേബ്യന്‍, അമേരിക്കന്‍ ലീഗുകളിലേക്ക് ചേക്കേറിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു താരം ചൈനീസ് ലിഗിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നത്.
മുന്‍ ഇറ്റലി താരവും എ എസ് റോമയുടെ മിഡ്ഫീല്‍ഡറുമായിരുന്ന ഡാമിയാനോ ടൊമാസിയാണ് ചൈനീസ് ലീഗില്‍ കളിക്കുന്ന പ്രമുഖ യൂറോപ്യന്‍ താരം. മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം പോള്‍ ഗ്ലാസ്കോയിനും ചൈനീസ് രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഗാന്‍സു ടിയാമയ്ക്ക് വേണ്ടി കുറച്ചു കാലം കളിച്ചിട്ടുണ്ട്. |