ഒട്ടേറെ ചരിത്ര പോരാട്ടങ്ങള്‍ക്ക് വേദിയായിട്ടുള്ള വിംബിള്‍ഡണിലെ സെന്‍റര്‍ കോര്‍ട്ടില്‍ മഴ ഇനി രസം കൊല്ലിയായി എത്തില്ല. സെന്‍റര്‍ കോര്‍ട്ടില്‍ ഇളക്കി മാറ്റാവുന്ന പുതിയ മേല്‍ക്കൂര നിലവില്‍ വന്നതോടെയാണ് കളിക്കാരുടെയും കളി ഭ്രാന്തന്‍മാരുടെയും മഴപ്പേടി അകന്നത്. കോടിക്കണക്കിന് ഡോളര്‍ മുടക്കിയാണ് പുതിയ മേല്‍ക്കൂര നിര്‍മിച്ചിരിക്കുന്നത്.
ഒരുകാലത്ത് വിംബിള്‍ഡന്‍റെ രോമാഞ്ചങ്ങളായിരുന്ന സ്റ്റഫി ഗ്രാഫും ആന്ദ്രെ അഗാസിയും ടിം ഹെന്‍മാനും കിം ക്ലൈസ്റ്റേഴ്സും പങ്കെടുത്ത പ്രദര്‍ശന മത്സരത്തോടെയാണ് മേല്‍ക്കൂരയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 15000 കാണികളാണ് വിംബിള്‍ഡണ്‍ സെന്‍റര്‍ കോര്‍ട്ടിന്‍റെ പുതുമോടി കാണാനായി എത്തിയത്.
സെന്‍റര്‍ കോര്‍ട്ടിന്‍റെ 87 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് മേല്‍ക്കൂര നിലവില്‍ വരുന്നത്. ഇരുവശത്തേക്കും നീക്കാവുന്ന മേല്‍ക്കൂര സെന്‍റര്‍കോര്‍ട്ടിന്‍റെ ആകാശത്തെ മൂടുന്ന കാഴ്ച കാണികള്‍ കൈയ്യടിയോടെയാണ് എതിരേറ്റത്. അടുത്തമാസം തുടങ്ങുന്ന വിംബിള്‍ഡണില്‍ സെന്‍റര്‍ കോര്‍ട്ട് പുതുവേഷത്തിലായിരികും അവതരിക്കുക. |