മോശം പ്രകടനത്തിന്‍റെ പേരില്‍ കോച്ച് ജര്‍ഗെന്‍ ക്ലിന്‍സ്മാനെ പുറത്താക്കിയ ജര്‍മന്‍ ഫുട്ബോള്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക് രക്ഷകനായി ഗുസ് ഹിഡിംഗിനെ നോട്ടമിടുന്നു. അസാധ്യമെന്ന് അറിയാമെങ്കിലും ഹിഡിംഗിനെ പോലൊരാള്‍ വരുമെന്ന പ്രതീക്ഷയിലാണ് മ്യൂണിക്.
ബയേണ്‍ പ്രസിഡന്‍റായ ഫ്രാന്‍സ് ബെക്കന്‍ബൌര്‍ ആണ് ഹിഡിംഗിനെ പരിശീലകസ്ഥാനത്തെക്ക് ക്ലബ്ബ് ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയത്. ഹിഡിംഗിനെ കിട്ടുക പ്രായോഗികമല്ലെങ്കിലും അതേ നിലവാരത്തിലുള്ള ഒരാളെയാണ് ആഗ്രഹിക്കുന്നതെന്ന് ബെക്കന്‍ബൌര്‍ പറഞ്ഞു. ചാമ്പ്യന്‍സ് ലീഗിലെയും ജര്‍മന്‍ ലീഗിലെയും ദയനീയ പ്രകടനമാണ് ക്ലിന്‍സ്മാന്‍റെ പുറത്താകലിന് വഴിതെളിച്ചത്.
ചെല്‍സിയുടെ താല്‍ക്കാലിക പരിശീലകനായ ഗുസ് ഹിഡിംഗ് റഷ്യയുടെ ദേശീയ കോച്ചാണ്. മോശം പ്രകടനത്തിന്‍റെ പേരില്‍ ലൂയിസ് ഫിലിപ്പെ സ്കോളാരിയെ പുറത്താക്കിയാണ് ചെല്‍സി ഹിഡിംഗിനെ നിയമിച്ചത്. ലോകകപ്പിന് തയ്യാറെടുക്കുന്ന റഷ്യന്‍ ടീമിന്‍റെ ക്യാമ്പില്‍ നിന്നും താല്‍ക്കാലികാടീസ്ഥാനത്തിലാണ് ഹിഡിംഗ് ചെല്‍സിയിലെത്തിയത്.
ഹിഡിംഗിന്‍റെ പരിശീലനത്തില്‍ ഉണര്‍ന്ന ചെല്‍സി മികച്ച വിജയമാണിപ്പോള്‍ കൊയ്യുന്നത്. ചാമ്പ്യന്‍സ് ലീഗിന്‍റെ സെമി വരെയെത്തിയ അവര്‍ പ്രീമിയര്‍ ലീഗിലും മികച്ച പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. |