പരുക്ക് മൂലം ഒട്ടേറെ ടൂര്‍ണമെന്‍റുകള്‍ നഷ്ടമായ സാനിയാ മിര്‍സയുടെ റാങ്കിംഗ് താഴേയ്‌ക്ക്. കൈക്കുഴയുടെ പരുക്കും ശസ്ത്രക്രിയയുമൊക്കെയായി കഴിയുന്ന സാനിയയുടെ ഏറ്റവും പുതിയ റാങ്കിംഗ് 32 ആയിരിക്കുകയാണ്.
അടുത്ത മാസം നടക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ കളിക്കാനായി ഇപ്പോള്‍ വിശ്രമത്തിലായിരിക്കുന്ന ഇന്ത്യന്‍ താരത്തിനു 917 പോയിന്‍റുകളാണ് ഉള്ളത്. എന്നിരുന്നാലും ഡബിള്‍സില്‍ റാങ്കിംഗ് ഉയര്‍ത്താന്‍ ഇന്ത്യന്‍ താരത്തിനായി. പത്തൊമ്പതാം സ്ഥാനത്തേക്കാണ് സാനിയ എത്തിയിരിക്കുന്നത്. 1830 പോയിന്‍റ് ഇന്ത്യന്‍ യുവതാരത്തിനുണ്ട്.
അതേ സമയം ഇന്ത്യന്‍ താരങ്ങളായ മഹേഷ് ഭൂപതിയും ലിയാണ്ടര്‍ പേസും അവരവരുടെ റാങ്കിംഗ് മാറാതെ സൂക്ഷിച്ചു. ഭൂപതി ഡബിള്‍സില്‍ പത്തൊമ്പതാം സ്ഥാനത്തായപ്പോള്‍ ലിയാണ്ടര്‍ പേസിന്‍റെ സ്ഥാനം 24 ആണ്. കഴിഞ്ഞയാഴ്ച ജപ്പാനെതിരെ ഇരുവരും ഒന്നിച്ചു കളിച്ചിരുന്നു.
|