ബ്രിട്ടീഷകാരുടെ കളിയായ ക്രിക്കറ്റിനെ ഇന്ത്യന്‍ ഉപഭൂഖണ്ടം ‘ഹൈജാക്ക്’ ചെയ്തതിന് മധുരമായി പകരം വീട്ടന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് സൈനികര്‍. ഇന്ത്യയുടെ സ്വന്തം കായിക വിനോദമായ കബഡി കളിക്കാനായി സ്വന്തമായി ഒരു ടീമിനെ ഒരുക്കിയിരിക്കുകയാണ് ബ്രിട്ടീഷ് സൈന്യം.
ടീം രൂപികരിച്ചതിന് പിന്നാലെ പുലിയെ മടയില്‍ കടന്ന് ആക്രമിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പടയാളികള്‍. ഇതിനായി പഞ്ചാബില്‍ നടക്കുന്ന കബഡി ഉത്സവത്തില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണവര്‍.
ജലന്ധറില്‍ ഈ മാസം 17,18 തിയതികളിലാണ് കബഡി ഉത്സവം നടക്കുന്നത്.ഇന്ത്യയിലെയും ദക്ഷിണേഷ്യയിലേയും കബഡി ടീമുകള്‍ എല്ലാ വര്‍ഷവും നടക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കുന്നത് പതിവാണെങ്കിലും ഇതാദ്യമായാണ് ഒരു ബ്രിട്ടീഷ് സംഘം ഇവിടെയെത്തുന്നത്.ഇതിന് ശേഷം മുംബൈയിലും ഡല്‍ഹിയിലും നടക്കുന്ന പ്രദര്‍ശന മത്സരത്തിലും ബ്രിട്ടീഷ് ടീം പങ്കെടുക്കും.
നാല് മാസം മുമ്പ് രൂപം കൊണ്ട് ബ്രിട്ടീഷ് സൈനിക കബഡി ടീമിന്‍റെ പരിശീലകന്‍ മുന്‍ ഇന്ത്യന്‍ ദേശീയ കോച്ച് അശോക് ദാസാണ്.അടുത്തയിടെ ഇന്ത്യന്‍ സൈന്യവുമായി നടന്ന മത്സരത്തില്‍ 35ന് എതിരെ 32 പോയിന്‍റിന്‍റെ നേരിയ പരാജയം ബ്രിട്ടീഷ് സംഘം ഏറ്റുവാങ്ങിയിരുന്നു.
|