വിംബിള്‍ഡണ്‍ ചാമ്പ്യന്‍ വീനസ്‌വില്യംസ് ജപ്പാന്‍ ഓപ്പണ്‍ ടെന്നീസ് ക്വാര്‍ട്ടറില്‍ കടന്നു. അമേരിക്കന്‍ ടീനേജ് താരം വാനിയാ കിംഗിനെ പരാജയപ്പെടുത്തിയാണ് വീനസ് ആദ്യ എട്ടില്‍ ഉള്‍പ്പെട്ടത്. ബുധനാഴ്ച നടന്ന മത്സരത്തില്‍ നാട്ടുകാരിയായ എതിരാളിക്കു മേല്‍ 6-0, 6-4 ന്‍റെ വിജയം കണ്ടെത്താന്‍ വീനസിനായി.
കഴിഞ്ഞയാഴ്ച അവസാനം കൊറിയ ഓപ്പണില്‍ കിരീടം നേടിയ വീനസ് അതേ ഫോമില്‍ തന്നെയായിരുന്നു ജപ്പാനിലും. 66 മിനിറ്റു നീണ്ടു നിന്ന പോരാട്ടത്തില്‍ എതിരാളിയെ കീഴടക്കാന്‍ അമേരിക്കന്‍ താരത്തിനു ഏറെ കഷ്ടപ്പെടേണ്ടി വന്നില്ല. 19 മത്സരങ്ങളുടെ തുടര്‍ച്ചയില്‍ വീനസിന്‍റെ പതിനേഴാം ജയമാണിത്.
അതേ സമയം സഹോദരി സറീന സ്റ്റുട്ഗര്‍ട്ട് ഓപ്പണിലാണ് ക്വാര്‍ട്ടറില്‍ എത്തിയത്. ഉക്രയിന്‍ താരം വില്ലു വാകുലെങ്കോയെ 7-5, 6-2 ന് രണ്ടാം റൌണ്ടില്‍ പരാജയപ്പെടുത്തിയാണ് സെറീന ക്വാര്‍ട്ടര്‍ കളിക്കാന്‍ അര്‍ഹത നേടിയത്. റഷ്യന്‍ താരം കുസ്‌നെറ്റ്സോവയാണ് സറീനയ്‌ക്ക് എതിരാളിയാകുന്നത്. 2004 നു ശേഷം ആദ്യമായിട്ടാണ് കുസ്‌നറ്റ്സോവ സറീന മത്സരം നടക്കുന്നത്.
|