ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കൗതുക വിവരങ്ങള്‍ » യൂറോപ്യന്‍ ഫുട്ബോളിലെ കോഴക്കളി! (Police exposes Europe's biggest soccer match-fixing ring)
Feedback Print Bookmark and Share
 
PRO
പവര്‍ഫുള്‍ ഗെയിമിന്‍റെ സൌന്ദര്യം ആവാഹിച്ച യൂറോപ്യന്‍ ഫുട്ബോള്‍ ലോകം ഒത്തുകളിക്കാര്‍ സ്വന്തമാക്കുകയാണോ? അതെയെന്നാണ് പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. യൂറോപ്പിലെ ഏതാണ്ട് ഇരുന്നൂറോളം കളികള്‍ കോഴവിവാദത്തിന്‍റെ അന്വേഷണ പരിധിയിലാണെന്നാണ് ഏറ്റവും ഒടുവിലത്തെ വെളിപ്പെടുത്തല്‍. യൂറോപ്പിലെ ഫുട്ബോള്‍ രാജാക്കന്‍‌മാരെ നിശ്ചയിക്കുന്ന ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ പോലും ഒത്തുകളിക്കാരുടെ പിടിയില്‍ നിന്ന് മുക്തമല്ല.

യൂറോപ്പിലെ ഫുട്ബോള്‍ ഭരണസമിതിയായ യുവേഫയുടെ പിന്തുണയോടെ ജര്‍മ്മന്‍ ഫുട്ബോള്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
യൂറോപ്യന്‍ ഫുട്ബോളിലെ എക്കാലത്തെയും വലിയ കോഴക്കളിയാണ് പുറത്ത് വന്നതെന്നായിരുന്നു യുവേഫയുടെ പ്രതിനിധി പീറ്റര്‍ ലിമാച്ചറുടെ പ്രതികരണം. യൂറോപ്പിലെ ഒമ്പത് രാജ്യങ്ങളിലെ ഫുട്ബോള്‍ അണിയറ രഹസ്യങ്ങളാണ് അന്വേഷണത്തില്‍ ചുരുളഴിഞ്ഞത്.

പണക്കൊഴുപ്പിന്‍റെ പുറം മേനിയിലൂടെ വിവാദങ്ങളില്‍ നിറഞ്ഞുനിന്ന യൂറോപ്പിലെ കാല്‍‌പ്പന്തുകളിയുടെ ലോകം കോഴ വിവാദങ്ങളിലും പിന്നിലല്ലായിരുന്നു. പണാധിപത്യം യൂറോപ്യന്‍ ഫുട്ബോളിനെ നിയന്ത്രിക്കാന്‍ തുടങ്ങിയിട്ടും വര്‍ഷങ്ങളായി. ഒരുപക്ഷെ അന്വേഷണ പരിധിയിലുള്ള 200 മത്സരങ്ങളില്‍ ഏതെങ്കിലും ഒന്നിലെ പിന്നാമ്പുറക്കഥകളില്‍ നമ്മെ കാത്തിരിക്കുന്നത് ഇതുവരെ ലോകം കണ്ടിട്ടില്ലാത്ത കള്ളപ്പണത്തിന്‍റെ കണക്കുകളായിരിക്കും.

യൂറോപ്യന്‍ ഫുട്ബോള്‍ ലോകത്തെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ഒഴുകുന്ന പണത്തില്‍ അസ്വഭാവികതയും അധാര്‍മ്മികതയുമുണ്ടെന്ന യുവേഫ അദ്ധ്യക്ഷന്‍ മിഷേല്‍ പ്ളാറ്റിനിയുടെ അഭിപ്രായവും, കണക്കില്ലാതെ പണമൊഴുക്കുന്ന ക്ളബുകള്‍ക്കെതിരെ നടപടി വേണമെന്ന ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ആവശ്യവും നമുക്ക് ഇതിനോട് ചേര്‍ത്തുവായിക്കാം. ജര്‍മ്മനി, ബെല്‍ജിയം സ്വിറ്റ്സര്‍ലാന്‍ഡ്, ക്രൊയേഷ്യ, സ്ലോവേനിയ, തുര്‍ക്കി, ഹംഗറി,ബോസ്നിയ-ഹെര്‍കെഗോവിന, ആസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഒത്തുകളിക്കാര്‍ വല വിരിച്ച് കാത്തിരിക്കുന്നത്. കോടികളാണ് പന്തയ ലാഭമായി ഒഴുകുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.

യുവേഫ കപ്പിലെ പന്ത്രണ്ട് മത്സരങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്. ഇരുന്നൂറോളം പേരടങ്ങുന്ന ഒരു വിപുലമായ ശൃംഖലയാണ് ഇടപാടുകള്‍ക്ക് പിന്നിലെന്നാണ് ജര്‍മ്മന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം. കഴിഞ്ഞ ദിവസം ജര്‍മ്മനി, ബ്രിട്ടന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, ആസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ പൊലീസ് കോഴ മാഫിയയെ തിരഞ്ഞ് റെയ്ഡ് നടത്തിയിരുന്നു. പൊലീസ് പിടികൂടിയ പതിനേഴ് പേരില്‍ നിന്ന് മാത്രം ഏതാണ്ട് ഒരു മില്യന്‍ യൂറോയാണ് കണ്ടെടുത്തത്. ജര്‍മ്മനിയില്‍ നിന്നായിരുന്നു 15 പേരെ അറസ്റ്റ് ചെയ്തത്. 2 പേരെ സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്നും.

2004 ല്‍ ജര്‍മ്മനിയെ പിടിച്ചുകുലുക്കിയ ഒത്തുകളി വിവാദത്തിലെ നെടുംതൂണുകള്‍ക്ക് ഇവരുമായി ബന്ധമുണ്ടെന്നതാണ് അതിലും ഞെട്ടിപ്പിക്കുന്ന വസ്തുത. അന്ന് ഒത്തുകളിയുടെ പങ്കുപറ്റിയ റഫറി റൊബെര്‍ട്ട് ഹോയ്‌സെര്‍ക്ക് 70,000 യൂറോയാണ് ക്രൊയേഷ്യന്‍ മാഫിയ നല്‍കിയത്. ഒപ്പം ഒരു പ്ലാസ്മ ടിവിയും. ജര്‍മ്മനിയിലെ രണ്ടും മൂന്നും ഡിവിഷന്‍ ഫുട്ബോള്‍ പോലും ഒത്തുകളിക്കാരുടെ പിടിയില്‍ നിന്ന് മുക്തമല്ല. ജര്‍മ്മനിയില്‍ നടന്ന 32 കളികളാണ് കോഴവിവാദത്തിന്‍റെ അന്വേഷണ പരിധിയില്‍ ഉള്ളത്.

ഏഷ്യന്‍ ഏജന്‍റുമാരുമായി പന്തയം കെട്ടാനാണ് മിക്കവര്‍ക്കും താല്‍‌പര്യമെന്നും അന്വേഷണ സംഘം പറയുന്നു. യൂറോപ്പിലേതിലും ഉയര്‍ന്ന തുക ഏഷ്യന്‍ ഏജന്‍റുമാര്‍ പന്തയത്തിന് വെയ്ക്കുന്നുണ്ടെന്നതു തന്നെയാണ് ഈ താല്‍‌പര്യത്തിന് കാരണം. കോഴക്കാര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുകളും നടപടികളും യുവേഫ കൈക്കൊള്ളുന്നുണ്ട്. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ക്കുമപ്പുറം കാണാമറയത്ത്, യുവേഫയുടെ കയ്യെത്തും ദൂരെ ഈ മാഫിയകള്‍ തന്നെയാണ് കളിക്കളത്തിലെ ജയവും പരാജയവും തീരുമാനിക്കുന്നത്. ലോകമെങ്ങും കൊട്ടിപ്പാടുന്ന യൂറോപ്യന്‍ ഫുട്ബോളിന്‍റെ ശക്തിയും ചടുലതയും ഈ കുഴല്‍പ്പണക്കാരുടെ കാല്‍ക്കീഴിലാകുന്നതിനാകും ഒരുപക്ഷെ വരും വര്‍ഷങ്ങളില്‍ നാം സാക്‍ഷ്യം വഹിക്കുക.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍