ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഫുട്ബോളില്‍ വീണ്ടും ‘ദൈവത്തിന്‍റെ കൈ’. ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്കുണ്ടായ കൈ‘പ്പിഴവ്‘ ഫ്രഞ്ച് ക്യാപ്റ്റന്‍ തിയറി ഹെന്‍റിയിലൂടെയാണ് ആവര്‍ത്തിച്ചത്. പാരീസില്‍ ഫ്രാന്‍സ്-അയര്‍ലന്‍ഡ് ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു ഹെന്‍റി ദൈവത്തിന്‍റെ കൈയ്യിലൂടെ ഫ്രാന്‍സിന് ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.
അധിക സമയത്തില്‍, നൂറ്റിമൂന്നാം മിനുട്ടില്‍ പിറന്ന ഗോളാണ് 'ദൈവത്തിന്‍റെ കൈ' വിവാദം വീണ്ടും സജീവമാക്കുന്നത്. അയര്‍ലാന്‍ഡില്‍ നടന്ന ആദ്യപാദത്തില്‍ ഒരു ഗോളിന് വിജയിച്ചതിനാല്‍ 2010 ലോകകപ്പില്‍ സ്ഥാനമുറപ്പിക്കാന്‍ ഫ്രാന്‍സിന് സമനില മാത്രം മതിയായിരുന്നു. എന്നാല്‍ മുപ്പത്തിമൂന്നാം മിനുട്ടില്‍ അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ റോബീ കെയനെ ഫ്രാന്‍സിന്‍റെ കണക്കുകൂട്ടലുകള്‍ തകിടം മറിച്ച് നീലക്കുപ്പായക്കാരുടെ വലയനക്കി. തുടര്‍ന്ന് സമനിലയ്ക്കായി പൊരുതിയ ഫ്രാന്‍സിന് അധികസമയം അനുഗ്രഹമാകുകയായിരുന്നു.
പതിമൂന്ന് മിനുട്ടുകളാണ് അധികസമയം കളി നീണ്ടത്. ഒടുവില്‍ നൂറ്റിമൂന്നാം മിനുട്ടിലാണ് ഹെന്‍റിയുടെ ക്രോസ് വില്യം ഗല്ലാസ് ഗോളാക്കി മാറ്റിയത്. പെനാല്‍ട്ടി ഏരിയയില്‍ അല്‍പം ഉയര്‍ന്നെത്തിയ പന്ത് പുറത്തേക്ക് പോകാതിരിക്കാന്‍ വലതു കൈകൊണ്ട് തടഞ്ഞ ഹെന്‍റിയുടെ കളിയാണ് വിവാദമായത്. പന്ത് ഹാന്‍ഡ് ടച്ചിലൂടെ നിയന്ത്രണത്തിലാക്കിയശേഷം ഹെന്‍റി ഗല്ലാസിക്ക് ക്രോസ് നല്‍കുകയായിരുന്നു. ഗല്ലാസി കൃത്യമായി അത് വലയിലെത്തിക്കുകയും ചെയ്തു.
1986 ജൂണ്‍ 22 ന് ലോകകപ്പ് ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു ‘ദൈവത്തിന്‍റെ കൈ‘ എന്ന ഫുട്ബോള്‍ പ്രയോഗത്തിന്‍റെ പിറവി. ഫുട്ബോള്‍ ഇതിഹാസം മറഡോണയിലൂടെയാണ് അന്ന് ദൈവത്തിന്‍റെ കൈ പ്രവര്‍ത്തിച്ചത്. അമ്പത്തിയൊന്നാം മിനുട്ടിലെ ആ ദൈവത്തിന്‍റെ കൈയ്യിലൂടെ മറഡോണ അര്‍ജന്‍റീനിയന്‍ ടീമിനെ സെമിയില്‍ എത്തിക്കുകയായിരുന്നു. അതിലൂടെ അര്‍ജന്‍റീന ലോകകപ്പിലും മുത്തമിട്ടു. ഇന്ന് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഹെന്‍റിയിലൂടെ ദൈവത്തിന്‍റെ കൈ കടമെടുത്ത് ഫ്രാന്‍സ് ദക്ഷിണാഫ്രിക്കയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചിരിക്കുന്നു.
തന്‍റെ കൈ ബോളില്‍ ടച്ച് ചെയ്തതായി മത്സരത്തിന് ശേഷം ഹെന്‍റി തുറന്ന് സമ്മതിച്ചു എന്നതാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം. ദൈവത്തിന്‍റെ കൈ വാദം മറഡോണ അംഗീകരിച്ചത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. വര്‍ഷങ്ങളോളം ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി ഫുട്ബോള്‍ ലോകം ദൈവത്തിന്‍റെ കൈ കൊണ്ടുനടന്നു. ഫ്രാന്‍സിന് ഗോള്‍ അനുവദിച്ചതിനെ ഐറിഷ് കളിക്കാര്‍ എതിര്‍ത്തെങ്കിലും സ്വീഡന്‍കാരനായ റഫറി മാര്‍ട്ടിന്‍ ഹാന്‍സണ്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയില്ല. അങ്ങനെ 1986 ല്‍ ദൈവത്തിന്‍ കൈ കരയിപ്പിച്ചത് ഇംഗ്ലണ്ടിനെയാണെങ്കില്‍ ഇന്ന് ആ കൈ വേദനിപ്പിച്ചത് ആയിരക്കണക്കിന് അയര്‍ലന്‍ഡ് ആരാധകരെയും മൈതാനത്ത് അവര്‍ക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയ കളിക്കാരെയുമായിരുന്നു.
നൂറ്റിനാലാം മിനുട്ടില്‍ കളി അവസാനിക്കുമ്പോള്‍ അയര്‍ലന്‍ഡ് കളിക്കാരും ആരാധകരും കണ്ണീര്‍ വാര്‍ക്കുകയായിരുന്നു. ഞങ്ങള്‍ കൊള്ളയടിക്കപ്പെട്ടു എന്നായിരുന്നു അയര്‍ലന്‍ഡ് ഡിഫന്‍ഡര്‍ സിയാന്‍ ലെഡ്ജറുടെ പ്രതികരണം. അയര്‍ലന്‍ഡ് ചതിക്കപ്പെടുകയായിരുന്നെന്ന് പറഞ്ഞ ലെഡ്ജര്‍, ഭാവിയില്‍ കുട്ടികളോട് പറയാന്‍ ഒരു കഥയായെന്നും കൂട്ടിച്ചേര്‍ക്കുന്നു. ‘ചതിയനായ ഹെന്‍റി മറഡോണയെ അനുകരിച്ചു’ എന്നായിരുന്നു ചില പത്രങ്ങള്‍ നല്‍കിയ തലക്കെട്ട്.
“ ഞാന്‍ റഫറിയല്ല. ഞാന്‍ കളിക്കുക മാത്രമാണ് ചെയ്തത്. റഫറി വിസില്‍ മുഴക്കിയില്ല, ഗോള്‍ അനുവദിക്കുകയും ചെയ്തു. എന്‍റെ ഭാഗത്ത് ന്യായമുണ്ട്.“ കളിക്കു ശേഷം തെറ്റ് ഏറ്റുപറഞ്ഞ് ഹെന്‍റിക്ക് പറയാനുണ്ടായിരുന്നത് ഇത്രമാത്രമായിരുന്നു. ക്രിക്കറ്റിലേതുപോലെ ഫുട്ബോളിലും കളി നിയന്ത്രിക്കുന്നവര്‍ക്ക് വീഡിയോ ദൃശ്യങ്ങളുടെ സേവനം കൂടുതല്‍ ഏര്‍പ്പെടുത്തണമെന്ന വാദവും ‘ദൈവത്തിന്‍റെ രണ്ടാം കൈ‘ വിവാദത്തോടെ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.