മാഞ്ചസ്റ്ററിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നതായുള്ള വാര്‍ത്ത പ്രമുഖ ബ്രസീലിയന്‍ താരം കാക്ക തള്ളിക്കളഞ്ഞു. എസി മിലാനില്‍ത്തന്നെ തുടരാനാണ് താന്‍ അഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കാക്ക എസി മിലാന്‍ വിടാന്‍ തയ്യാറെടുക്കുന്നതായും തങ്ങളുടെ ക്ലബിന് വേണ്ടി കളിക്കാന്‍ അദ്ദേഹത്തിന് മാഞ്ചസ്റ്റര്‍ സിറ്റി 100 മില്യണ്‍ പൌണ്ട് വാഗ്ദാനം ചെയ്തതായും ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെ ഒരു ക്ലബും ഇത്രയും വലിയ വാഗ്ദാനം നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എന്നാല്‍ കാക്ക ഈ വാര്‍ത്ത നിഷേധിച്ചു. താന്‍ എന്നും എസി മിലാനില്‍ തന്നെയുണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മിലാന്‍ പ്രസിഡന്‍റ് സില്‍വിയോ ബെര്‍ലുസ്കോണിയുടെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനവുമായി സംസാരിക്കവേയാണ് കാക്ക നിലപാട് വ്യക്തമാക്കിയത്.
ഇപ്പോഴത്തെ ടീമിന്‍റെ ക്യാപ്റ്റനാവുകയാണ് തന്‍റെ ലക്‍ഷ്യമെന്നും എന്നാല്‍ തനിക്ക് മുന്നില്‍ ക്യാപ്റ്റന്‍ സ്ഥാനത്തിന് യോഗ്യതയുള്ളവര്‍ ടീമിലുണ്ടെന്നും കാക്ക പറഞ്ഞു. അതേസമയം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് പുതിയ വാഗ്ദാനം വന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. |