ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തകര്‍പ്പന്‍ ജയം ആഘോഷിച്ചപ്പോള്‍ ആഴ്സണലിനു സമനില. പ്രീമിയര്‍ ലീഗിലെ ബിഗ് ഫോര്‍ ക്ലബ്ബുകളില്‍ ലിവര്‍പൂള്‍ ജയത്തോടെ ഒന്നാം സ്ഥാനത്തായി.
ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പിന്നാലെ നടന്ന മത്സരത്തില്‍ വെസ്റ്റ് ബ്രോമിനെ 2-0 നായിരുന്നു ചെല്‍സി പരാജയപ്പെടുത്തിയത്. ദ്രോഗ്ബ ഗോളടിയിലേക്ക് മടങ്ങി വന്ന മത്സരത്തില്‍ രണ്ടാം ഗോള്‍ മദ്ധ്യനിരക്കാരന്‍ ഫ്രാങ്ക് ലാംപാര്‍ഡിന്‍റെ വകയായിരുന്നു.
ഒന്നാം പകുതിയിലായിരുന്നു ഇരു ഗോളുകളും. ജര്‍മ്മന്‍ നായകന്‍ മൈക്കല്‍ ബെല്ലാക്ക് ഉള്‍പ്പടെ പ്രമുഖരെല്ലാം കളത്തില്‍ ഇറങ്ങി. അതേ സമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏക പക്ഷീയമായ ഒരു ഗോളിനു സ്റ്റോക്ക് സിറ്റിയെ ആയിരുന്നു വീഴ്ത്തിയത്.
കളിയിലെ ഏക ഗോള്‍ അര്‍ജന്‍റീനാ താരം കാര്‍ലോസ് ടവസ് നേടി. പ്രീമിയര്‍ ലീഗിലെ ബിഗ് ഫോറില്‍ മൂന്ന് ക്ലബ്ബുകളും വിജയത്തിലൂടെ നടന്നപ്പോള്‍ ആഴ്സണലിനു സമനിലയായിരുന്നു ഫലം. ഒന്നാം പകുതിയില്‍ 2-0 നു മുന്നിലായ ആഴ്സണല്‍ ആസ്റ്റണ്‍ വില്ലയോട് രണ്ടാം പകുതിയില്‍ സമനില വഴങ്ങി.
ആഴ്സണലിനായി ആദ്യ പകുതിയില്‍ ഡെനില്‍സണും ദിയാബിയും ഗോള്‍ നേടിയപ്പോള്‍ രണ്ടാം പകുതിയില്‍ പെനാല്‍റ്റിയില്‍ നിന്നും ബാരിയും നൈറ്റും സമനില ഗോളുകള്‍ കണ്ടെത്തി. |