മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഒപ്പം കളിക്കുന്നവര്‍ ചങ്കൂറ്റമില്ലാത്തവര്‍ ആണെന്ന് സിറ്റിയുടെ സൂപ്പര്‍ താരം റോബീഞ്ഞോ. മികച്ച കളിക്കാരുടെ നിരയാണെങ്കിലും ജയിക്കുന്ന കാര്യത്തില്‍ ഒരു ധൈര്യം കാട്ടാന്‍ കഴിയുന്നില്ലെന്ന് താരം പറഞ്ഞു.സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ കളിക്കുമ്പോഴാണ് താന്‍ ഏത് ടീമിനെയും തോല്‍പ്പിക്കാമെന്ന ചങ്കൂറ്റം നേടിയെടുത്തതെന്നും വിജയം എന്ന കല താന്‍ പഠിച്ചത് റയലില്‍ വച്ചായിരുന്നു എന്നും റോബീഞ്ഞോ വ്യക്തമാക്കുന്നു. “സിറ്റിക്ക് മികച്ച കളിക്കാരുണ്ട്. എന്നാല്‍ മാനസീകമായി ഏറെ ചെറുതാണ്. തങ്ങള്‍ ഒരു ചാമ്പ്യന്‍ ടീം ആണെന്ന തോന്നല്‍ അവര്‍ക്ക് ഇല്ല.” സണ്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബ്രസീലിയന്‍ താരം ഇക്കാര്യം വ്യക്തമാക്കിയത്. യുണൈറ്റഡിനോട് ഞായറാഴ്ച പരാജയം അറിഞ്ഞതിനു ശേഷം സിറ്റി താഴെ നിന്നും രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍. സിറ്റി മാനസീകമായി മാറണമെന്നും വിജയിക്കാനുള്ള ഒരു മാനസീകാവസ്ഥ വളര്‍ത്തിയെടുക്കണമെന്നും അതിനാണ് തന്‍റെ ശ്രമം എന്നും താരം പറയുന്നു. സാന്‍റോസിലും റയലിലും ഈ മാനസീകാവസ്ഥയാണ് തന്നെ തുണച്ചതെന്നും റോബീഞ്ഞോ വ്യക്തമാക്കുന്നു. |