മികച്ച യൂറോപ്യന്‍ ഫുട്ബോളര്‍ പദവിയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പോര്‍ച്ചുഗീസ്താരം ക്രിസ്ത്യാനോ റൊണാള്‍ഡോ അര്‍ഹനായി. ക്ലബ്ബിനെ പ്രീമിയര്‍ലീഗ്, ചാമ്പ്യന്‍സ്‌ലീഗ് കിരീടങ്ങളിലേക്ക് ഉയര്‍ത്തിയതിനാണ് പുരസ്ക്കാരം.ക്രിസ്ത്യാനോയ്ക്ക് പിന്നില്‍ ബാഴ്സിലോണയുടെ അര്‍ജന്‍റീന താരം ലയണേല്‍ മെസ്സിയും ലിവര്‍പൂളിന്‍റെ സ്പാനിഷ് സ്ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസും രണ്ടും മൂന്നും സ്ഥാനത്ത് എത്തി. ലോകത്തുടനീളമുള്ള 96 സ്പോര്‍ട്സ് ലേഖകര്‍ ചേര്‍ന്ന് തെരഞ്ഞെടുക്കുന്ന താരത്തെ ആദരിക്കുന്നത് ഫ്രഞ്ച് മാസികയാണ്.കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്ററിന്‍റെ വിജയത്തിനു പിന്നിലെ ചാലക ശക്തിയായ ക്രിസ്ത്യാനോ 42 ഗോളുകളായിരുന്നു അടിച്ചു കൂട്ടിയത്. ഇതോടെ മാഞ്ചസ്റ്ററിന്‍റെ പേരില്‍ പുരസ്ക്കാരം വാങ്ങുന്ന നാലാമത്ത് ആളായി ക്രിസ്ത്യാനോ. കഴിഞ്ഞ തവണ കാകയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു ക്രിസ്ത്യാനോ. ഡെനിസ് ലോ, ബോബി ചാള്‍ട്ടണ്‍, ജോര്‍ജ്ജ് ബെസ്റ്റ് എന്നിവരാണ് ഇതിനു മുമ്പ് മാഞ്ചസ്റ്റര്‍ കുപ്പായത്തില്‍ യൂറോപ്യന്‍ ക്ലബ്ബ് താരമായിട്ടുള്ളവര്‍. ഇംഗ്ലണ്ടിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബഹുമതിക്കും താരം അര്‍ഹനായിരുന്നു.ഈ സീസണില്‍ 11 മത്സരങ്ങളില്‍ ഇതുവരെ 8 ഗോളുകള്‍ നേടിക്കഴിഞ്ഞു. ലൂയിസ് ഫിഗോ 2000 ല്‍ അര്‍ഹനായ ശേഷം ഈ പുരസ്ക്കാരത്തിലേക്ക് എത്തുന്ന ആദ്യ പോര്‍ച്ചുഗീസ് താരവും മൈക്കല്‍ ഓവനു ശേഷം പ്രീമിയര്‍ ലീഗില്‍ നിന്നുള്ള ആദ്യ കളിക്കാരനുമാണ് ക്രിസ്ത്യാനോ റൊണാള്‍ഡോ. |