യൂറൊ 2008 ലെ താരോദയം സ്പെയിന്‍റേ ഡേവിഡ് വില്ല ജര്‍മ്മനിക്കെതിരെയുള്ള മത്സരം ബഞ്ചിലിരുന്ന് കാണും. റഷ്യയ്‌ക്കെതിരെയുള്ള സെമി ഫൈനല്‍ മത്സരത്തില്‍ പരുക്കേറ്റ താരം ഫൈനല്‍ മത്സരത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി. റഷ്യയെ 3-0 നു പരാജയപ്പെടുത്തിയ മത്സരത്തില്‍ തുടയ്‌ക്കേറ്റ പരുക്കാണ് വിനയായത്.
മത്സരം 34 മിനിട്ട് പിന്നിട്ടപ്പോള്‍ ഒരു ഫ്രീകിക്ക് എടുക്കുന്നതിനിടയിലാണ് സ്പാനിഷ് താരത്തിനു പരുക്കേറ്റത്. അതിനു ശേഷം പകരക്കാരനായി കളത്തില്‍ എത്തിയ സെസ്ക്ക് ഫാബ്രിഗാസിന്‍റെ മികവില്‍ സ്പെയിന്‍ വിജയിച്ചു കയറുകയും ചെയ്തു. ടൂര്‍ണമെന്‍റില്‍ നാല് ഗോളുകളുമായി ടോപ് സ്കോററായി നില്‍ക്കുകയാണ് ഡേവിഡ് വില്ല.
“ഇനി ഞാന്‍ പുറത്തിരുന്ന് മത്സരം കാണും. ഞായറാഴ്ച മത്സരത്തില്‍ പങ്കെടുക്കാനായാല്‍ അതൊരു ലോട്ടറി തന്നെയായിരിക്കും. കഴിയുമെങ്കില്‍ ഒറ്റക്കാലില്‍ വരെ കളിക്കാന്‍ ഞാന്‍ തയ്യാറാണ് എന്നാല്‍ ഇതൊരു ടീം ഗെയിമാണല്ലോ. 100 ശതമാനം ഫിറ്റായവര്‍ക്ക് പരുക്കേറ്റവരെ കാളും നന്നായി കളിക്കാനാകും.” വില്ല പറയുന്നു.
എന്നിരുന്നാലും വില്ലയുടെ പരുക്ക് സാരമുള്ളതല്ലെന്ന് പരിശീലകന്‍ അരിഗോണസ് വ്യക്തമാക്കുന്നു. എന്നാല്‍ ഞായറാഴ്ചത്തെ മത്സരത്തില്‍ വില്ല കളിക്കാന്‍ ഉണ്ടാകില്ലെന്ന് അരഗോണിസും വ്യക്തമാക്കുകയാണ്. വില്ലയ്‌ക്ക് പകരം സ്പെയിന്‍ ഞായറാഴ്ചത്തെ മത്സരത്തില്‍ മിക്കവാറും ഉപയോഗിക്കുക ഫാബ്രിഗസിനെയാകും.
|