ഇറ്റലിയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഫുട്ബോള്‍ തന്ത്രജ്ഞന്‍ മാഴ്‌സലോ ലിപ്പിയെ ഇറ്റലി ദേശീയ ടീമിന്‍റെ ചുമതല വീണ്ടും ഏല്‍പ്പിച്ചു. നിലവിലെ പരിശീലകന്‍ റോബര്‍ട്ടോ ഡൊണാഡോണിയുടെ കരാര്‍ നീട്ടാതെയാണ് ലിപ്പിയെ വീണ്ടും തിരിച്ചു വിളിച്ചത്. ലോകകപ്പിനു ശേഷം ലിപ്പിയില്‍ നിന്നായിരുന്നു ഡൊണാഡോണി പണി ഏറ്റുവാങ്ങിയത്.
യൂറോ2008 ക്വാര്‍ട്ടറില്‍ സ്പെയിനോട് പരാജയപ്പെട്ടതിനു പിന്നാലെ തന്നെ ഡൊണാഡോണി പരിശീലക സ്ഥാനം നഷ്ടമാകുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഫ്രാന്‍സിനെ പരാജയപ്പെടുത്തി ലോകകപ്പ് നേടിയ ശേഷം സ്ഥാനം വിട്ട ലിപ്പിയെ വീണ്ടും ചുമതല ഏല്‍പ്പിച്ച വിവരം ഫുട്ബോള്‍ ഫെഡറേഷന്‍ അവരുടെ വെബസൈറ്റിലാണ് അറിയിച്ചത്.
യൂറോ 2008 മത്സരങ്ങള്‍ക്കായി 44 കാരനായ ഡോണാഡോണിയെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. പക്ഷേ ലോക ചാമ്പ്യന്‍മാരായിരുന്നിട്ടു കൂടി ടീമിന് സെമിയില്‍ പോലും എത്താനാകാതെ പോയത് ഇറ്റലിക്ക് നാണക്കേടായി. യൂറോയിലെ ആദ്യ മത്സരത്തില്‍ ഡച്കുകാരോട് 3-0 നു പരാജയപ്പെട്ട ഇറ്റലി ജയിച്ചത് ഫ്രാന്‍സിനെതിരെ മാത്രമാണ്.
ഇറ്റാലിയന്‍ ഫുട്ബോള്‍ പ്രസിഡന്‍ഡ് ജിയാന്‍ കാര്‍ലോ അബേറ്റ ഡോണാഡോനിയെ ഫുട്ബോള്‍ അസോസിയേഷന്‍റെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചു വരുത്തിയാണ് കരാര്‍ തുടരാന്‍ ആഗ്രഹമില്ലെന്ന് അറിയിച്ചത്. ലോകകപ്പില്‍ ഇറ്റലിയുടെ മൂന്നാം ഗോളിയായിരുന്ന ആഞ്ജെലോ പെറൂസി, മുന്‍ പ്രതിരോധ താരം സിറോ ഫെരേര എന്നിവരാണ് ലിപ്പിയുടെ സഹായികള്‍.
|