ഇറ്റാലിയന്‍ ഫുട്ബോളില്‍ ആളെ കൊല്ലുന്ന ഫുട്ബോള്‍ ഭ്രാന്ത് വീണ്ടും. ആരാധകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു ലാസിയോ ആരാധകനാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് റോമിലെയും മിലാനിലെയും തെരുവില്‍ ആരാധകര്‍ വ്യാപകമായി അക്രമം അഴിച്ചു വിട്ടു. കഴിഞ്ഞ ഫെബ്രുവരിയില്‍ ആരാധകരുടെ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു.
അരേസോ സര്‍വീസ് സ്റ്റേഷനു സമീപം യുവന്‍റസിന്‍റെയും ലാസിയോയുടേയും ആരാധകര്‍ പാര്‍മയിലെ മത്സരത്തേ ചൊല്ലി നടത്തിയ തര്‍ക്കമാണ് പ്രശ്‌നങ്ങളിലേക്ക് നീങ്ങിയത്. ഗബ്രിയേല്‍ സന്താരി എന്ന ലാസിയോ ആരാധകനാണ് ഞായറാഴ്ച മരിച്ചത്. റോമില്‍ ഡിസ്ക്ക് ജോക്കിയായ 26 കാരന്‍ സന്ദാരിക്കു ഇറ്റലിയിലെ ഒരു മോട്ടോവെ റെസ്റ്റോറന്‍റില്‍ നിന്നും സ്വന്തം കാറിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു വേടിയേറ്റത്. .
ടസ്‌കാനിയിലെ തെരുവീഥി ആരാധകര്‍ പരസ്പരം സംഘട്ടനത്തിനു വേദിയായതിനെ തുടര്‍ന്നായിരുന്നു പോലീസ് വെടിവയ്‌പ്പ്. ഇതിനു ശേഷം നടന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ നൂറു കണക്കിനു ആരാധകരെങ്കിലും പങ്കാളികളായി.
റോമിലും മിലാനിലും ആരാധകര്‍ ഗതാഗതം തടസ്സപ്പെടുത്തിയാണ് പ്രക്ഷോഭം നടത്തിയത്. റോമിലായിരുന്നു വലിയ സംഭവങ്ങള്‍. നൂറു കണക്കിനു ആരാധകര്‍ പോലീസ് ബാരക്കുകളും, ഒളിമ്പിക്‍സ് കമ്മറ്റിയുടെ ഹെഡ്‌ക്വാര്‍ട്ടേഴ്‌സും ആക്രമിച്ചു. ഒളിമ്പിക് കമ്മറ്റി ഓഫീസിന്‍റെ ജനാലകള്‍ തകര്‍ക്കുകയും തെരുവില്‍ വാഹനങ്ങള്‍ കത്തിക്കുകയും ചെയ്‌തു.
ഒരു ബസും ആരാധകര്‍ കത്തിച്ചു. പോലീസ് ഉള്‍പ്പടെയുള്ള ധാരാളം ആള്‍ക്കാര്‍ക്ക് പരുക്കുണ്ട്. മിലാനിലും ആരാധകര്‍ പ്രശ്‌നമുണ്ടാക്കി. പോലീസ്സ്റ്റേഷനു നേരെ കല്ലെറിഞ്ഞ ആരാധകരുടെ കോപം ജേണ്‍ലിസ്റ്റുകള്‍ക്ക് നേരെയുമായപ്പോള്‍ രണ്ടു പത്രപ്രവര്‍ത്തകര്‍ക്കും പരുക്കു പറ്റി. ടൈബര്‍ പാലത്തിന്‍റെ ഒരറ്റത്ത് താവളമടിച്ച സമരക്കാര്‍ വാഹനങ്ങള്‍ തടസ്സപ്പെടുത്തി.
തുടര്‍ന്ന് ഇറ്റാലിയന്‍ ലീഗിലെ മിക്കവാറും എല്ലാ മത്സരങ്ങളിലും അക്രമ സംഭവങ്ങള്‍ അരങ്ങേറി. സീയെന്നയില്‍ പോലീസുകാരെ കൊല്ലാനായിരുന്നു ആരാധകര്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നത്. ഇറ്റലിയിലെ രണ്ടാം ലീഗ് മത്സരങ്ങളിലും അക്രമം നടന്നു. ഞായറാഴ്ച പ്രശ്‌നമുണ്ടാക്കും എന്ന മുന്നറിയിപ്പില്‍ റോമയും കാലിഗിരിയും തമ്മിളുള്ള മത്സരം മാറ്റി വച്ചിരുന്നു.
ബെഗാമോയില്‍ അറ്റ്‌ലാന്‍റയും എ സി മിലാനും തമ്മിലുള്ള മത്സരത്തിനിടയിലും ആരാധകരും പോലീസും സംഘര്‍ഷം തുടങ്ങിയപ്പോള്‍ മത്സരം നിറുത്തി വച്ചു. കളി തുടങ്ങി പത്തു മിനിറ്റിനു ശേഷം തന്നെ പ്രശ്‌നങ്ങളെ തുടര്‍ന്ന് കാണികള്‍ കളത്തിലേക്കു ഇറങ്ങാന്‍ തുടങ്ങിയപ്പോഴാണ് മത്സരം നിറുത്തിയത്. ഇന്‍റര്‍മിലാനും ലാസിയോയും തമ്മിലുള്ള മത്സരവും മാറ്റി വച്ചു. പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇറ്റാലിയന്‍ലീഗിലെ പത്തു ഒന്നാം ലീഗ് മത്സരങ്ങള്‍ താമസിച്ചാണ് തുടങ്ങിയത്. കളിക്കാര്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് മത്സരത്തിനെത്തി.
പോലീസ് വെടി വയ്‌പ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുകയാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി റൊമാനോ പ്രോഡി. അക്രമത്തെ തുടര്‍ന്ന് നാശ നഷ്ടങ്ങളുടെ കണക്കെടുക്കാനായി ഉന്നത പൊലീസ്അധികാരികളും ഫുട്ബോള്‍ ഭരണാധികാരികളും തിങ്കളാഴ്ച യോഗം ചേരും. കഴിഞ്ഞ ഫെബ്രുവരിയില്‍ ആരാധകര്‍ തമ്മിലുള്ള സംഘര്‍ഷം ഒരു പോലീസുകാരന്‍ മരിക്കാനിടയാക്കിയതിനാല്‍ ആരാധകരെ നിയന്ത്രിക്കാന്‍ ഇറ്റലി പുതിയ നിയമനിര്‍മ്മാണം നടത്തിയിരുന്നു. വെടിവയ്‌പ്പിനെ സംബന്ധിച്ച കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.
|