സൂപ്പര്‍ താരങ്ങളുടെ ഒരു നീണ്ട നിരയുണ്ടായിട്ടും സ്പാനിഷ് ലീഗ് ഫുട്ബോളില്‍ മുന്‍ ചാമ്പ്യന്‍മാരായ ബാഴ്‌സിലോണയ്‌ക്ക് കാര്യങ്ങള്‍ പഴയതു പോലെ ശരിയാകുന്നില്ല. ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡ് വമ്പന്‍ ജയവുമായി മുന്നോട്ട് കുതിക്കുമ്പോള്‍ ബാഴ്‌സിലോണ സമനിലയുമായി തടി തപ്പുകയാണ്.
വ്യാഴാഴ്ച നടന്ന മത്സരത്തില്‍ വലഡൊലിഡിനെതിരെയാണ് ബാഴ്‌സ ഒരു ഗോളടിച്ചു സമനിലയില്‍ പിരിഞ്ഞത്. പതിനാറാം മിനിറ്റില്‍ ജോനാതന്‍ സെസ്മയിലൂടെ ആദ്യം മുന്നിലെത്തിയത് വലഡൊലിഡാണ്. എന്നാല്‍ ഒന്നാം പകുതി അവസാനിക്കാന്‍ രണ്ടു മിനിറ്റ് ശേഷിക്കേ സാവി ഹെര്‍ണാണ്ടസിന്‍റെ ഒരു കിടയറ്റ പാസ് ലക്‍ഷ്യത്തില്‍ എത്തിച്ച് ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോ ക്ലബ്ബിനെ സമത്തില്‍ കൊണ്ടെത്തിച്ചു. ഈ മത്സരത്തോടെ ബാഴ്‌സയ്‌ക്ക് 21 പോയിന്‍റായി.
ഒന്നാം സ്ഥാനക്കരായ റയല്‍ മാഡ്രിഡ് വലന്‍സിയയെ 5-1 നാണ് കൈകാര്യം ചെയ്‌തത്. റയല്‍ ആരാധകരെ ആനന്ദ സാഗരത്തില്‍ അറാടിച്ച മത്സരത്തില്‍ റൌള്‍, സെര്‍ജിയോ റാമോസ്, റൂഡ് വാന്‍ നീല്‍സ്റ്റര്‍ റൂയി(രണ്ട്), റോബീഞ്ഞോ എന്നിവരാണ് റയലിനായി ഗോളുകള്‍ അടിച്ചു കൂട്ടിയത്. മിഗ്വല്‍ ഏഞ്ചല്‍ വലന്‍സിയയ്‌ക്കായി ഒരു ഗോള്‍ മടക്കി.
വ്യാഴാഴ്ച നടന്ന മത്സരത്തില്‍ എസ്പാനിയോള്‍ മ്യൂഴ്‌സിയയുമായി ഗോള്‍ രഹിത സമനിലയില്‍ കുരുങ്ങി. ബുധനാഴ്ച നടന്ന മറ്റ് മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് സെവില്ലയെ 4-3 നു തകര്‍ത്തപ്പോള്‍ വില്ലാ റയല്‍ ലാവന്തയെ 4-3 നു പരാജയപ്പെടുത്തി. ഡിപ്പോര്‍ട്ടീവോ ലാകൊരുണ മല്ലോര്‍ക്കേയെ ഒരു ഗോളിനും ഗറ്റാഫേ അത്‌ലറ്റിക്കോ ബില്‍ബാവോയെ 2-0 നും പരാജയപ്പെടുത്തി.
|