വന്യവും കരുത്തുറ്റതുമായ നൈജീരിയന്‍ ഫുട്ബോളിനെ മറികടക്കാന്‍ യൂറോപ്യന്‍ ശക്തികളായ ജര്‍മ്മനിക്കു കഴിഞ്ഞില്ല. അണ്ടര്‍ 17 ലോകകപ്പ് സെമിയില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ജര്‍മ്മനിയെ മറികടന്നത്. സെമി ഫൈനലില്‍ എന്നപോലെ ഫൈനലിലും യൂറോപ്പ്- ആഫ്രിക്കന്‍ ശൈലികള്‍ കോര്‍ക്കും.
നാലാം തവണ ഫൈനല്‍ കളിക്കുന്ന നൈജീരിയയ്ക്കായി ഗോളടിയില്‍ മുന്നില്‍ നില്‍ക്കുന്ന മക്കാളെ ക്രിസാന്തസ്, യാകൂബ് ആല്‍ഫാ, കബിറു അകിന്‍സോള എന്നിവര്‍ ഗോള്‍ കണ്ടെത്തി. ജര്‍മ്മനിയുടെ ആശ്വാസ ഗോള്‍ ടോണീ ക്രൂസിന്‍റെ വകയായിരുന്നു. ആദ്യ പകുതിയില്‍ തന്നെ നൈജീരിയ രണ്ടു ഗോളിനു മുന്നിലായിരുന്നു.
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ മൂന്നാം ഗോള്‍ നേടി. പത്താം മിനിറ്റില്‍ യാക്കൂബ് ആല്‍ഫയുടെ ഫ്രീ കിക്കില്‍ അശ്രദ്ധ കാട്ടിയ ജര്‍മ്മന്‍ ഗോള്‍ കീപ്പറുടെ പിഴവിനു കനത്ത വില നല്‍കേണ്ടി വന്നു. പന്ത് ലഭിച്ച ക്രിസാന്തസ് അനായാസം ഗോള്‍ കണ്ടെത്തി. ടൂര്‍ണമെന്‍റില്‍ ക്രിസാന്തസിന്‍റെ ഏഴാം ഗോള്‍.
എട്ടു മിനിറ്റു കഴിഞ്ഞപ്പോള്‍ യൂസുഫ് ആല്‍ഫാ രണ്ടാം ഗോള്‍ നേടി. 20 മീറ്റര്‍ അകലത്തു നിന്നും തൊടുത്ത വോളി ലക്‍ഷ്യം കാണുകയായിരുന്നു. അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ജര്‍മ്മനി തിരിച്ചടിച്ചു. റിച്ചഡ് സുകുതാ പാസു നല്‍കിയ കണിശതയാര്‍ന്ന പാസ് നായകന്‍ ടോണി ക്രൂസ് വലയിലേക്ക് തിരിച്ചു വിട്ടു.
നൈജീരിയയുടെ മികവായിരുന്നു രണ്ടാം പകുതിയിലും. ഇഞ്ചുറി സമയത്ത് അവര്‍ ഗോളും കണ്ടെത്തി. പകരക്കാരനായെത്തിയ കബിരു അകിന്‍സോള അവസാന ആണിയടിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നൈജീരിയ സ്പെയിനെ നേരിടും. ഘാനയും ജര്‍മ്മനിയും മൂന്നാം സ്ഥാനത്തിനായും ഏറ്റുമുട്ടും.
|