താരനിരയെ സമ്പാദിക്കുന്ന കാര്യത്തില്‍ സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബ് റയല്‍ മാഡ്രിഡിന്‍റെ കമ്പം ഈ സീസണിലും അവസാനിക്കുന്നില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖരായ അര്‍ജന്‍ റോബനെയും ഗബ്രിയേല്‍ ഹെയിന്‍സിനെയുമാണ് പുതിയതായി റയല്‍ നിരയില്‍ എത്തിച്ചത്.
ഡച്ചു താരമായ അര്‍ജന്‍ റോബന്‍ ചെത്സിയുടെ മദ്ധ്യനിര താരവും കഴിഞ്ഞ മൂന്നു സീസണില്‍ പ്രീമിയര്‍ ലീഗില്‍ മികച്ച നേട്ടം സമ്പാദിക്കുന്നതിനു ചെല്‍സിക്കു വേണ്ടി പണിയെടുത്ത ആളാണ്. രണ്ടു സീസണില്‍ അവര്‍ക്കൊപ്പം കിരീട നേട്ടത്തില്‍ പങ്കാളിയായപ്പോള്‍ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തും എത്തിച്ചു.
അര്‍ജന്‍റീനക്കാരനായ ഹെയിന്‍സ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ വിശ്വസ്തനായ പ്രതിരോധ ഭടനാണ്. കഴിഞ്ഞ സീസണില്‍ അവരെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. 29 കാരനായ ഹെയിന്‍സിനെ നല്‍കുമ്പോള്‍ മാഞ്ചസ്റ്ററിനു സ്പാനിഷ് ഭീമന്‍മാര്‍ നല്‍കുന്നത് എട്ട് മില്യണ്‍ പൌണ്ടാണ്.
അഞ്ചു വര്‍ഷ കരാറില്‍ 23 കാരനായ റോബന് 21 മില്യണ്‍ പൌണ്ട് റയല്‍ നല്‍കും. നാലു വര്‍ഷ കരാരിലാണ് ഹെയിന്‍സിനു ലഭിച്ചിരിക്കുന്നത്. റയലിലേക്കു പോകുന്നതില്‍ രണ്ടു പേരും സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഒന്നാം നിരയില്‍ സ്ഥാനം നഷ്ടമായ ഹെയിന്‍സ് നാലു സീസണകത്ത് റയലില്‍ എത്തുന്ന മാഞ്ചസ്റ്ററിന്‍റെ മൂന്നാമത്തെ താരമാണ്.
നേരത്തെ ബെക്കാമും നീല്‍സ്റ്റര്‍ റൂയിയും റയലില്‍ എത്തിയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നായിരുന്നു. ബ്രസീലിയന്‍ താരം റൊബര്‍ട്ടോ കാര്‍ലോസ് കൂടു മാറിയ സ്ഥാനത്താണ് ഹെയിന്‍സ് എത്തുന്നത്.രണ്ടു സീസണായി റോബന്‍ റയലില്‍ എത്തുമെന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട്. 104 മല്‍സരങ്ങളില്‍ നിന്നും 19 ഗോള്‍ ചെല്‍സിക്കു വേണ്ടി റോബന്‍ നേടിയിരുന്നു.
|