പുതുക്കിപ്പണിത വെംബ്ലി സ്റ്റേഡിയത്തില്‍ ബുധനാഴ്ച ഇംഗ്ലണ്ടിന്‍റെ കണ്ണീര്‍ ആദ്യമായി വീണു. പുതിയ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന സൌഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ജര്‍മ്മനി 2-1 നാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.
യൂറോകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കു മുന്നോടിയായി നടന്ന സൌഹൃദ മത്സരങ്ങളില്‍ ഇംഗ്ലണ്ടിനു പുറമേ വമ്പന്‍മാരായ ഇറ്റലി, ബള്‍ഗേറിയ, ഡന്‍മാര്‍ക്ക്, നെതര്‍ലണ്ട് എന്നിവര്‍ക്കും ലാറ്റിനമേരിക്കയില്‍ നിന്നുള്ള അര്‍ജന്‍റീനയ്‌ക്കും തിരിച്ചടിയേറ്റു.
മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് ലാംപാര്‍ഡ് ഇംഗ്ലണ്ടിനെ ആദ്യം മുന്നില്‍ എത്തിച്ചെങ്കിലും ലീഡ് നിലനിര്‍ത്താനായില്ല. കെവിന്‍ ക്യൂറാനി, ക്രിസ്ത്യന്‍ പെന്‍ഡെര്‍ എന്നിവരുടെ ഗോളുകളില്‍ ജര്‍മ്മനി വിജയം പിടിച്ചെടുത്തു. ഏഴു വര്‍ഷത്തിനു ശേഷം ന്യൂ വെംബ്ലിയില്‍ ഇംഗ്ലണ്ടിന്‍റെ ആദ്യ പരാജയമാണിത്.
മുന്‍ നിരക്കാര്‍ ഉണ്ടായിരുന്നെങ്കിലും ലോക ചാമ്പ്യന്‍മാരായ ഇറ്റലി ഫോം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. ഹംഗറിയുമായി ഏറ്റുമുട്ടിയ ഇറ്റലി 3-1 നാണ് എതിരാളികളോട് തകര്‍ന്നത്. ബുഡാപെസ്റ്റില്‍ നടന്ന മത്സരത്തില്‍ ഡി നടാലെയുടെ ഗോളില്‍ ഇറ്റലിയാണ് ആദ്യം മുന്നില്‍ എത്തിയത് എങ്കിലും വിജയം നേടാനായില്ല. റോളാണ്ട് ജുഹാസ്, സോള്‍ട്ടാന്‍ ഗെര, റോബര്‍ട്ട് ഫെക്സെസിന്‍ എന്നിവരുടെ ഗോളിലൂടെ ഹംഗറി ജയം നേടി.
കോപാ അമേരിക്ക ഫുട്ബോളില്‍ ബ്രസീലിനോട് തകര്‍ന്ന ശേഷം നടന്ന അദ്യ മത്സരത്തില്‍ അര്‍ജന്‍റീന പരാജയപ്പെട്ടത് നോര്‍വേയോടായിരുന്നു. ജോണ്‍ കാരെവ് നേടിയ ഇരട്ടഗോളായിരുന്നു നോര്‍വേയ്‌ക്ക് തുണ. റോഡ്രിഗ്രസ് അര്‍ജന്‍റീനയുടെ ഗോള്‍ മടക്കി. നെതര്‍ലണ്ട് 2-1 നു സ്വിറ്റ്‌സര്‍ലണ്ടിനോടാണ് പരാജയപ്പെട്ടത്. ഡിര്‍ക്ക് ക്യുത്ത് ആദ്യ ഗോള്‍ നേടിയെങ്കിലും ട്രാങ്ക്വിലിനോ ബെര്‍നെറ്റോയുടെ ഇരട്ട ഗോള്‍ നെതര്‍ലണ്ടിനെ തകര്‍ത്തു.
ജയം നേടിയവരില്‍ പ്രമുഖര്‍ ബ്രസില്‍, സ്പെയിന്‍, ഫ്രാന്‍സ്, സ്വീഡന്‍, ജപ്പാന്‍, ഉക്രയിന്‍, അയര്‍ലണ്ട് എന്നിവരായിരുന്നു. സ്ലോവാക്യയെ ഏക പക്ഷീയമായ ഒരു ഗോളിനു കീഴടക്കിയ ഫ്രാന്‍സ് കരുത്തു കാട്ടി. തിയറി ഹെന്‍റി ഫ്രീകിക്കില്‍ നിന്നുമാണ് ഗോള്‍ കണ്ടെത്തിയത്. ഫ്രഞ്ചു ടീമിനായി 40 ഗോളടിച്ച തിയറി മിഷേല്‍ പ്ലാറ്റിനിയുടെ റെക്കോഡിനൊപ്പമായി.
അള്‍ജീരിയയെ മൈക്കണിന്‍റെയും റൊണാള്‍ഡീഞ്ഞോയുടേയും ഗോളുകള്‍ക്കാണ് ബ്രസീല്‍ മറികടന്നത്. ഫ്രാന്‍സിലെ മോണ്ടീ പെല്ലറിലായിരുന്നു മത്സരം. 2005 മുതല്‍ സൌഹൃദ മത്സരങ്ങളില്‍ തുടര്‍ച്ചയായി വിജയം നേടുന്ന സ്വീഡന്‍ കിം കാത്സ്റ്റോമിന്‍റെ ഗോളില്‍ അമേരിക്കയെ പരാജയപ്പെടുത്തി. സൌഹൃദ മത്സരങ്ങള്‍ എന്നു വിജയമാക്കിയിട്ടുള്ള സ്വീഡന്‍റെ തുടര്‍ച്ചയായ പന്ത്രണ്ടാം വിജയമായിരുന്നു ഇത്.
ഇരു പകുതികളിലുമായി ഡേവിഡ് സില്‍വയുടെ ഗോളുകളും കാര്‍ലോസ് മര്‍ച്ചന്‍റേയുടെ ഒരു ഗോളും ഗ്രീസിനെതിരെ സ്പാനിഷ് ടീമിനെ തുണച്ചു. ഫാനിസ് ഗേക്കസ്, കോസ്റ്റാസ് കാറ്റ്സൌറാനിസ് എന്നിവരായിരുന്നു 3-2 നു പരാജയപ്പെട്ട ഗ്രീസിന്‍റെ ഗോള്‍ നേട്ടക്കാര്‍. ചെക്കിനായിരുന്നു മികച്ച ജയം.
ചെക്ക് 5-3 ന് ബോസ്നിയയെ പരാജയപ്പെടുത്തി. കാണികള്‍ അക്രമാസക്തരായ മത്സരത്തില്‍ നിക്കോ കോവാക്, ദാരിയോ സര്‍ന എന്നിവര്‍ രണ്ടു ഗോള്‍ വീതം നേടി.എഡ്യൂഡാരാഡോ സില്‍വയായിരുന്നു അഞ്ചാം ഗോളിനുടമ. ബോസ്നിയയുടെ മൂന്നു ഗോളും സ്ലാട്ടന്‍ മുസ്ലീമോവിക്ക് സ്വന്തമാക്കി.
പോളണ്ടും റഷ്യയും 2-2 സമനിലയിലും പോര്‍ച്ചുഗലും അര്‍മീനിയയും 1-1 സമനിലയിലും അവസാനിച്ചു. മറ്റു സൌഹൃദ മത്സരങ്ങളില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് ലീഷെസ്റ്റൈനെ 3-1 നും സ്‌കോട്‌ലന്‍ഡ് ദക്ഷിണാഫ്രിക്കയെ 1-0 നും പരാജയപ്പെടുത്തി. റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ട് ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തിയത് 4-0 നാണെങ്കില്‍ ബള്‍ഗേറിയ വെയിത്സിനോട് ഒരു ഗോളിനു കീഴടങ്ങി.
|