ഫൌളുകളും ചുവപ്പു കാര്‍ഡുകളുടേയും കളിയായി മാറിയ ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ഫുട്ബോളില്‍ ബുധനാഴ്‌ച ചാമ്പ്യന്‍മാരായ മാഞ്ചസ്റ്ററിനെ ഒരു ഗോള്‍ സമനിലയില്‍ കുരുക്കിയ പോര്‍ട്സ്‌മൌത്ത് ആദ്യ പോയിന്‍റ് സ്വന്തമാക്കി. രണ്ടാമത്തെ മത്സരത്തില്‍ റണ്ണറപ്പുകളായ ചെല്‍സി ഒന്നാം പകുതിയുടെ അവസാനവും രണ്ടാം പകുതിയുടെ തുടക്കത്തിലും കണ്ടെത്തിയ മികവില്‍ 2-1 നു റേഞ്ചേഴ്‌സിനെ മറികടന്നു.
പുതിയതായി ക്ലബ്ബിലെത്തിയ അര്‍ജന്‍റീന താരം കാര്‍ലോസ് ടവസ് പതിനഞ്ചാം മിനിറ്റില്‍ ഒരുക്കിയെടുത്ത അവസരത്തില്‍ 25 വാര അകലത്തു നിന്നും പോള്‍ ഷോള്‍സ് തൊടുത്ത അടി പോര്‍ട്ട് സ്‌മൌത്തിന്‍റെ വലയില്‍ എത്തുകയായിരുന്നു. വാരുവാരിയുടെ ഹെഡ്ഡറില്‍ വാന്‍ഡര്‍ സാറിനെ വീഴ്ത്തി പോര്‍ട്ട് സ്‌മൌത്ത് അമ്പത്തിമൂന്നാം മിനിറ്റില്‍ തിരിച്ചടിച്ചു.
കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ കയ്യാങ്കളിയില്‍ ഏര്‍പ്പെട്ട സുല്ലി മുണ്ടാരിയേയും മഞ്ചസ്റ്ററിന്‍റെ പോര്‍ച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാള്‍ഡോയേയും റഫറി ചുവപ്പുകാര്‍ഡു കാട്ടി പുറത്താക്കി. മൈക്കല്‍ കാരിക്കിനെ കാല്‍ വച്ചു രണ്ടാമതും മുണ്ടാരി മഞ്ഞക്കാര്‍ഡ് വാങ്ങിയെങ്കില്‍ അതേ പിഴവ് ക്രിസ്ത്യാനോയും ആവര്‍ത്തിച്ചു.
മാഞ്ചസ്റ്ററിനു സമനിലയായിരുന്നു ഫലമെങ്കില്‍ ചെല്‍സി നിറുത്തിയിടത്തു നിന്നും തുടങ്ങുകയായിരുന്നു. കഴിഞ്ഞ സീസണിലെ ഗോളടിക്കാരായ ലാംപാര്‍ഡും ദ്രോഗ്ബയും നേടിയ ഗോളുകള്‍ക്ക് അവര്‍ വിജയം ആഘോഷിച്ചു. ആന്ദ്രേ ബിക്കിയുടെ ഹെഡ്ഡറിലൂടെ റേഞ്ചേഴ്‌സ് ആയിരുന്നു ആദ്യ ഗോള്‍ നേടിയതെങ്കില്‍ കളി ഒന്നാം പകുതി അവസാനിക്കാന്‍ നാല്‍പ്പത്തേഴാം മിനിറ്റില്‍ ലാം പാര്‍ഡും അമ്പതാം മിനിറ്റില്‍ ദ്രോഗ്‌ബയിം ടീമിനെ വിജയത്തില്‍ എത്തിച്ചു.
|