ലോകത്തെ പ്രമുഖ ഫുട്ബോല്‍ ലീഗുകളില്‍ ഒന്നായ സ്പാനിഷ് ലീഗില്‍ പന്തുരുളാന്‍ ആഴ്ചകള്‍ മാത്രം. നീണ്ട അവധിക്കാലത്തിനു ശേഷം സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡീഞ്ഞോയും മെസ്സിയും റൌളും റൂഡ് വാന്‍ നീല്‍സ്റ്റര്‍ റൂയിയുമെല്ലാം കളത്തിലെ തിരക്കിലേക്ക് എത്തുമ്പോള്‍ കോടിക്കണക്കിനു ആരാധകരാണ് കാത്തിരിക്കുന്നത്.
യൂറോപ്പില്‍' ലാ ലിഗ'യെന്നറിയപ്പെടുന്നസ്പാനിഷ് ലീഗ് 1930 ല്‍ തുടക്കം കുറിച്ചത് മുതല്‍ തന്നെ പ്രമുഖ ക്ലബ്ബുകളുടെ അവസാന യുദ്ധഭൂമിയാണ്. റയല്‍ മാഡ്രിഡ് മുപ്പത് തവണ കിരീടം സ്വന്തമാക്കിയപ്പോള്‍ ബാഴ്സലോണ 18 തവണ കിരീടത്തില്‍ മുത്തമിട്ടു.പോയവര്‍ഷം കളിയുടെ അവസാന നിമിഷം കിരീടം റയലിന് വിട്ടുകൊടുക്കേണ്ടി വന്നതിന്‍റെ പക ബാഴ്സലോണക്ക് വീട്ടാനുണ്ട്.
സൂപ്പര്‍ താരങ്ങളെ കളത്തിലിറക്കാന്‍ ബന്ധവൈരികളായ റയല്‍ മാഡ്രിഡും ബാഴ്സലോണയും കോടികളാണ് വാരിയെറിഞ്ഞത്. ബാഴ്‌സിലോണ താരം അര്‍ജന്‍റീനയുടെ സാവിയോള റയലില്‍ എത്തിയതും ഇംഗ്ലീഷ് മുന്‍ ചാമ്പ്യന്‍മാര്‍ ആഴ്സണലിന്‍റെ തിയറി ഹെന്‍റി ബാഴ്‌സയില്‍ എത്തുന്നതുമാണ് ഇത്തവണ വാര്‍ത്ത.
തിയറി ഹെന്‍റിയെന്ന കുന്തമുനയെ സ്വന്തം തട്ടകത്തിലെത്തിച്ചാണ് ബാഴ്സലോണ പകരംവീട്ടാനൊരുങ്ങുന്നത്. റൊണാള്‍ഡീഞ്ഞോ, മെസ്സി, സാമുവല്‍ എറ്റു, ഡെക്കോ, ഡീഗോ മിലിറ്റോ എന്നീ ഫുട്ബോള്‍ ദൈവങ്ങളും ബാഴ്സയുടെ പക്കലുണ്ട്. രണ്ടു തവണ ജേതാക്കളായ ബാഴ്‌സ കിരീടം തിരുച്ചു പിടിക്കാമെന്ന ചിന്തയിലാണ്.
അര്‍ജന്‍റീനിയന്‍ താരം ജാവിയര്‍ സാവിയോളയാണ് റയലിന്‍റെ ആകര്‍ഷണം. ബാഴ്സ തന്ന തഴഞ്ഞതിന് വ്യക്തിപരമായി സാവിയോളക്ക് ചില കണക്കുകളും തീര്‍ക്കാനുണ്ട്. എന്നാല്‍ റയലിന്‍റെ അന്തിമ ഇലവനില്‍ എത്താന്‍ റൂഡ് വാന്‍നിസ്റ്റല്‍ റൂയി, റൊബീഞ്ഞോ എന്നിവരോട് മത്സരിക്കേണ്ടി വരും.
|