ഒരു പിറന്നാള്‍ സമ്മാനം: മുംബൈ ഇന്ത്യന്‍സിനു അഞ്ച്‌ വിക്കറ്റ്‌ ജയം

ഈഡന്‍ ഗാര്‍ഡന്‍സ്| WEBDUNIA|
PRO
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ സച്ചിന്‌ പിറന്നാള്‍ സമ്മാനം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്സിനെ മുംബൈ ഇന്ത്യന്‍സ്‌ അഞ്ച്‌ വിക്കറ്റിന്‌ തകര്‍ത്താണ്‌ പിറന്നാള്‍ ദിനത്തില്‍ സച്ചിനായി സമ്മാനമൊരുക്കിയത്‌.

160 റണ്‍സ്‌ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈക്കു വേണ്ടി പിറന്നാള്‍കാരന്‍ സച്ചിന്‍ രണ്ടു റണ്‍സെടുത്തു പുറത്തായി.62 റണ്‍സെടുത്ത ഡെവയ്‌ന്‍ സ്‌മിത്തിന്റേയും രോഹിത്‌ ശര്‍മ(34, ) പൊള്ളാര്‍ഡ്‌ (33) എന്നിവരുടേയും ബാറ്റിംഗ്‌ മികവില്‍ മുംബൈ വിജയലക്ഷ്യം മറികടന്നു.

അഞ്ചു സിക്‌സും മൂന്നു ഫോറുമടങ്ങുന്നതാണ്‌ സ്‌മിത്തിന്റെ ഇന്നിംഗ്‌സ്. മൂന്നു വിക്കറ്റെടുത്ത സുനില്‍ നരെയ്‌ന്റെ ബൗളിംഗ്‌ മികവില്‍ കൊല്‍ക്കത്ത തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും മുംബൈയുടെ വിജയം തടയാനായില്ല.

നാലോവറില്‍ 17 റണ്‍സ്‌ വഴങ്ങി നരെയ്‌ന്‍ മൂന്നുവിക്കറ്റു വീഴ്‌ത്തി. ആദ്യം ബാറ്റ്‌ ചെയ്‌ത കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ആറു വിക്കറ്റ്‌ നഷ്‌ടത്തില്‍ 159 റണ്‍സെടുത്തു. സ്വന്തം ഗ്രൗണ്ടില്‍ ടോസ്‌ നേടിയ നൈറ്റ്‌ റൈഡേഴ്‌സ് ബാറ്റിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു.

ഇയോന്‍ മോര്‍ഗാന്‍ (25 പന്തില്‍ 31), മനോജ്‌ തിവാരി (24 പന്തില്‍ 33), യൂസഫ്‌ പഠാന്‍ (ആറു പന്തില്‍ 19) എന്നിവരാണു കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്‌. സച്ചിന്‍ തെണ്ടുല്‍ക്കറുടെ നാല്‍പതാം ജന്മദിനാഘോഷങ്ങള്‍ക്കു ശേഷമാണു മത്സരം തുടങ്ങിയത്‌.

വന്‍ ആരവങ്ങള്‍ക്കിടയിലായിരുന്നു മുംബൈ ഇന്ത്യന്‍സും നൈറ്റ്‌റൈഡേഴ്സും തമ്മിലുള്ള മല്‍സരം. പിറന്നാള്‍ ദിനത്തില്‍ സച്ചിനായി ആരാധകര്‍ അലറിവിളിച്ചു.

അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ട 10 റണ്‍സ്‌ ഹര്‍ഭജനും അമ്പട്ടി റായിഡുവും ചേര്‍ന്ന്‌ സ്വന്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :