ന്യൂഡല്‍ഹി, വെള്ളി, 3 സെപ്റ്റംബര്‍ 2010( 14:29 IST )
PRO
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഇതുവെരെ ഒരു വാതുവെയ്പ്പുകാരനും സമീപിച്ചിട്ടില്ലെന്ന് സൂപ്പര്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തത്സമയ ഒത്തുകളി വിവാദത്തില്‍പ്പെട്ട പാക് ക്രിക്കറ്റ് താരങ്ങളായ സല്‍മാന്‍ ബട്ട്, മുഹമ്മദ് അമീര്‍, മുഹമ്മദ് ആസിഫ് എന്നിവരെ ഐ സി സി സസ്പെന്‍ഡ് ചെയ്ത പശ്ചാത്തലത്തിലാണ് സച്ചിന്‍റെ പ്രതികരണം.
എന്‍റേ 21 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ ഒരിക്കലും ഇന്ത്യന്‍ താരങ്ങളെ വാതുവെയ്പ്പുകാര്‍ സമീപിച്ചതായി ഞാന്‍ കേട്ടിട്ടില്ല. ഇപ്പോള്‍ തത്സമയ ഒത്തുകളി വിവാദത്തില്‍ പെട്ട പാക് താരങ്ങള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ഐ സി സി ശക്തമായ നടപടിയെടുക്കണം. ആരോപണങ്ങള്‍ സത്യമാണെങ്കില്‍ പാക് താരങ്ങള്‍ ക്രിക്കറ്റിന്‍റെ മാന്യതയ്ക്കാണ് കോട്ടം വരുത്തിയതെന്നും സച്ചിന്‍ പറഞ്ഞു.
തന്‍റെ കരിയറിനിടയ്ക്ക് ഒറ്റ വാതുവെയ്പ്പുകാരനും സമീപിച്ചിട്ടില്ലെന്ന് മുന്‍ നായകന്‍ സൌരവ് ഗാംഗുലിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നെയോ സച്ചിനെയോ ദ്രാവിഡിനെയോ കുംബ്ലെയെയോ ഒറ്റ വാതുവെയ്പ്പുകാരനും സമീപിച്ചിട്ടില്ല. താരങ്ങളുടെ വ്യക്തിത്വം നോക്കിയാവാം വാതുവെയ്പ്പുകാര്‍ സമീപിക്കുന്നതെന്നും ഇക്കാര്യത്തില്‍ കളിക്കാര്‍ കൂടുതല്‍ ജാഗരൂഗരാവണമെന്നും ഗാംഗുലി പറഞ്ഞിരുന്നു.