തത്സമയ ഒത്തുകളി വിവാദത്തില്‍പ്പെട്ട പാകിസ്ഥാന്‍ താരങ്ങളെ ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്‍റി-20 പരമ്പരകളില്‍ നിന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ഒഴിവാക്കി. ടെസ്റ്റ് ടീം നായകന്‍ സല്‍മാന്‍ ബട്ട്, പേസര്‍മാരായ മുഹമ്മദ് ആസിഫ്, മുഹമ്മദ് അമീര്‍ എന്നിവരെയാണ് ഒഴിവാക്കിയത്.
ഇവര്‍ക്ക് പകരക്കാരെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പാക്ക് ടീം മാനേജര്‍ യാവര്‍ സയീദ് പറഞ്ഞു. മൂന്നു പേരുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് പി സി ബി തീരുമാനമെടുത്തത്. അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി 20 മല്‍സരങ്ങളുമാണ് പര്യടനത്തില്‍ ഇനി അവശേഷിക്കുന്നത്.
മൂന്നു പേരെയും പരിശീലനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ബോര്‍ഡ് കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. കളിക്കാരെ ഒഴിവാക്കുക മാത്രമാണ് ചെയ്‌തിരിക്കുന്നതെന്നും ഇത് സസ്പെന്‍ഷനല്ലെന്നും സയീദ് അറിയിച്ചു. ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ പേസ് ബൌളര്‍മാരായ മുഹമ്മദ് അമീറും മുഹമ്മദ് ആസിഫും തത്സമയ ഒത്തുകളി നടത്തിയെന്ന ഒരു ബ്രിട്ടീഷ് ടാബ്ലോയ്ഡിന്‍റെ വെളിപ്പെടുത്തലാണ് ക്രിക്കറ്റിനെ വീണ്ടും പിടിച്ചുകുലുക്കിയത്.
ഒത്തുകളിക്ക് ഇടനിലക്കാരനായ മഹ്സര്‍ മജീദിനെ സ്കോട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മൂന്നു താരങ്ങള്‍ക്കും പുറമെ പേരു വെളിപ്പെടുത്താത്ത മൂന്നു കളിക്കാര്‍ കൂടി കോഴ വാങ്ങിയെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ ബട്ട്, ആസിഫ് അമീര്‍ എന്നിവരുടെ മൊബൈല്‍ ഫോണ്‍ സ്കോട്‌ലന്‍ഡ് യാര്‍ഡ് പീച്ചെടുക്കുകയും മൂവരുടെയും മുറികളില്‍ റെയ്ഡ് നടത്തുകയും ചെയ്തു.
തിങ്കളാഴ്ച നടത്തിയ റെയ്ഡില്‍ പണവും ബാങ്ക് നോട്ടുകളും കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ആരോപണ വിധേയരായ മൂന്നു കളിക്കാരെയും സ്കോട്ട്‌ലന്‍ഡ് യാര്‍ഡ് രണ്ടു വട്ടം ചോദ്യം ചെയ്തിരുന്നു.