പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഒത്തുകളി നടത്തുന്നത് ക്രിക്കറ്റ് ബോര്‍ഡിന്‍റെ അറിവൊടെയാണെന്ന് മുഹമ്മദ് ആസിഫിന്‍റെ മുന്‍ കാമുകിയും നടിയും മോഡലുമായ വീണ മാലിക്. ഒത്തുകളിയെക്കുറിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡിലെ ഉന്നതര്‍ക്ക് അറിവുണ്ടെന്നും ദേശീയ ടീമിലെ എല്ലാ കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും വീണ ആരോപിച്ചു.
ഐ സി സി അന്വേഷണ ഉദ്യോഗസ്ഥനായ റെസാ ഹസനുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്നും വീണ പറഞ്ഞു. ഞാന്‍ വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡിനും അറിവുള്ളതാണ്. എന്നാല്‍ അവര്‍ യാതൊരു നടപടിയും എടുത്തില്ല. ഒത്തുകളിയെന്ന അര്‍ബുദം പാക് ക്രിക്കറ്റിനെ അടിമുതല്‍ മുടി വരെ ബാധിച്ചിരിക്കുകയാണെന്നും വീണ പറഞ്ഞു.
ആസിഫിനെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വീണ പറയുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി ബാങ്കോക്ക് സന്ദര്‍ശിക്കാന്‍ പോയപ്പോഴാന് ഇന്ത്യന്‍ വാതുവെയ്പ്പുകാരന്‍ തന്നെ സമീപിച്ച കാര്യം ആസിഫ് എന്നോട് പറഞ്ഞത്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മോശമായി കളിക്കാന്‍ 40000 ഡോളര്‍ അയാള്‍ വാഗ്ദാനം ചെയ്തുവെന്നും എന്നാല്‍ താന്‍ രണ്ട് ലക്ഷം ഡോളര്‍ ആവശ്യപ്പെട്ടുവെന്നും ആസിഫ് വെളിപ്പെടുത്തിയതായി വീണ പറഞ്ഞു.
വാതുവെയ്പ്പുകാരുമായുള്ള ആസിഫിന്‍റെ ബന്ധമാണ് ഞങ്ങളുടെ പ്രണയം തകരാന്‍ കാരണം. ഇത്തരം കാര്യങ്ങള്‍ എനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ഇപ്പോള്‍ ആസിഫിനൊപ്പം ആരോപണ വിധേയരായ സല്‍മാന്‍ ബട്ടുമായും മുഹമ്മദ് അമീറുമായും ആസിഫ് അത്ര അടുപ്പത്തിലായിരുന്നില്ല. എന്നാല്‍ ഒത്തുകളിയെന്ന പൊതു ലക്‍ഷ്യമായിരിക്കാം അവരെ അടുപ്പിച്ചതെന്നും വീണ പറയുന്നു.
കാമുകിയായിരുന്ന വീണയുമായുള്ള ആസിഫിന്‍റെ ബന്ധം ഈ വര്‍ഷം ആദ്യമാണ് തകര്‍ന്നത്. മാതാപിതാക്കളുടെ നിര്‍ദേശാനുസരണം മറ്റൊരാളെ വിവാഹം കഴിച്ച വീണ ആസിഫിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആസിഫ് തന്‍റെ കൈയില്‍ നിന്ന് ഒരു കോടി 30 ലക്ഷം രൂപ കൈക്കലാക്കിയെന്നും ഇത് തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് അവര്‍ കേസ് നല്‍കുകയും ചെയ്തിരുന്നു.