കോഴ വിവാദത്തില്‍പ്പെട്ട പാക് ക്രിക്കറ്റ് ടീമിനെതിരെ പാകിസ്ഥാനില്‍ പ്രതിഷേധവും പ്രക്ഷോഭവും ശക്തമാവുന്നു. ടീമിനെതിരെ പാകിസ്ഥാനില്‍ നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ടീമംഗങ്ങള്‍ക്ക് പകരം കഴുതകളെ മുന്നില്‍ നിര്‍ത്തി തക്കാളിയും ചെരിപ്പുമെറിഞ്ഞാണ് രാജ്യത്തിന് അപമാനമായി മാറിയ കോഴ വിവാദത്തിനെതിരെ ലാഹോറില്‍ ആരാധകര്‍ പ്രകടനം നടത്തിയത്.
ടീമംഗങ്ങള്‍ക്കെതിരേയും പി സി ബിക്കെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. പാക് ടീം സഞ്ചരിച്ച ബസ്സിന് നേരെയും ആരാധകര്‍ എറിഞ്ഞ് പ്രതിഷേധിച്ചു. ഇതിനിടെ ഒത്തുകളി വിവാദത്തില്‍പെട്ട പാകിസ്ഥാന്‍ താരങ്ങളെ ഇംഗ്ലണ്ട് പര്യടനത്തിലെ ശേഷിച്ച മത്സരങ്ങളില്‍ നിന്നും സസ്പെന്റ് ചെയ്യണമെന്ന് ഇംഗ്ലണ്ട് ആവശ്യപ്പെട്ടു. ഇവര്‍ ഉള്‍പ്പെടുന്ന ടീമിനെതിരെ കളിക്കന്‍ ഇംഗ്ലണ്ടിന് താത്പര്യമില്ലെന്ന് ഇംഗ്ലണ്ട് നായകന്‍ അറിയിച്ചു.
ഇതോടെ ഏകദിന പരമ്പരയും പ്രതിസന്ധിയിലായിരിക്കുകയാണ്. നായകന്‍ സല്‍മാന്‍ ബട്ട് അടക്കം കോഴ വിവാദത്തില്‍ അകപ്പെട്ട നാലുപേര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. സെപ്റ്റംബറില്‍ നടക്കുന്ന രണ്ട് ട്വന്റി-20 മാച്ചുകളിലും നാറ്റ്‌വെസ്റ്റ് ഏകദിന പരമ്പരയിലുമാണ് സസ്പെന്‍ഷന്‍ ലഭിക്കുക.
എന്നാല്‍, വിവാദങ്ങള്‍ക്കിടെയും പര്യടനം മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ഐ സി സി വ്യക്തമാക്കി. ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഐ സി സി മേധാവി പവാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ താരങ്ങള്‍ക്കെതിരെ വ്യക്തമായ തെളിവ് ലഭിക്കാതെ നടപടി എടുക്കില്ലെന്ന് പി സി ബി വ്യക്തമാക്കി.