പാക് താരം മുഹമ്മദ് ആസിഫ് ഒത്തുകളിക്കാരനാണെന്ന് മുന്‍ കാമുകിയും പാകിസ്ഥാനി നടിയുമായ വീണാ മാലിക് പറഞ്ഞു. ആസിഫിന് വാതുവെപ്പുകാരുമായുള്ള ബന്ധത്തിന് തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും വീണ അറിയിച്ചു. ആസിഫ് നിരന്തരം ഒത്തുകളിയില്‍ പങ്കാളിയാണെന്നും ഇയാള്‍ ക്രിമിനല്‍ സ്വഭാവക്കാരനാണ് കുറ്റപ്പെടുത്തി.
2010 ആദ്യത്തിലാണ് ആസിഫും വീണയും വേര്‍പിരിഞ്ഞത്. ദീക്ഷിത് എന്ന ഇന്ത്യന്‍ വാതുവെപ്പുകാരനുമായി ആസിഫ് തന്റെ വേലക്കാരന്റെ ഫോണിലൂടെ നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നു എന്നും വീണ പറഞ്ഞു. മറ്റു വാതുവെപ്പുകാരുമായും ആസിഫിന് അടുത്ത ബന്ധമുണ്ട്. വാതുവെപ്പുകാരുമായി ആസിഫ് ആശയവിനിമയം നടത്തിയതിന്റെ തെളിവുകള്‍ എന്റെ പക്കലുണ്ടെന്നും വീണ പറഞ്ഞു.
വീണയെ ഉപേക്ഷിച്ച് വീട്ടുകാരുടെ താല്‍പര്യപ്രകാരം ആസിഫ് മറ്റൊരു വിവാഹം കഴിച്ചതോടെയാണ് ഇരുവരും അകന്നത്. അതോടെ 1.3 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീണ കോടതിയെ സമീപിച്ചു. ഇരുവരും മാധ്യമങ്ങളിലൂടെ പരസ്‌പരം ആരോപണങ്ങളുന്നയിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു സുഹൃത്തിന്റെ സഹായത്തോടെ ഇരുവരും ധാരണയിലെത്തുകയായിരുന്നു.