ഐപി‌എല്‍ സമൂലമാറ്റത്തിന് ഒരുങ്ങുന്നു

മുംബൈ| WEBDUNIA| Last Modified ശനി, 22 മെയ് 2010 (09:51 IST)
കുട്ടിക്രിക്കറ്റിന്‍റെ ഇന്ത്യന്‍ പതിപ്പായ ഐപി‌എല്‍ മുഖം മിനുക്കാന്‍ ഒരുങ്ങുന്നു. അടുത്ത സീസണ്‍ മുതല്‍ ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ച് മത്സരങ്ങള്‍ നടത്താനാണ് നീക്കം. ടൂര്‍ണ്ണമെന്‍റിന്‍റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ ലക്‍ഷ്യമിട്ടാണ് നീക്കം.

അടുത്ത വര്‍ഷം രണ്ട് ടീമുകള്‍ കൂടി ചേരുന്നതോടെ ഐപി‌എല്‍ മാച്ചുകളുടെ എണ്ണം 90 ആയി ഉയരും. അതുകൊണ്ടുതന്നെ ടൂര്‍ണ്ണമെന്‍റ് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും. ഇപ്പോള്‍ തന്നെ ഐപി‌എല്‍ ടൂര്‍ണ്ണമെന്‍റിന്‍റെ സമയം അധികമാണെന്ന പരാതി നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് ഐപി‌എല്‍ മാറ്റത്തിനൊരുങ്ങുന്നത്.

കഴിഞ്ഞ പതിനേഴിന് നടന്ന യോഗത്തില്‍ മാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അടുത്ത മാസം ഇക്കാര്യം ഐപി‌എല്‍ ഭരണസമിതിയുമായി ബോര്‍ഡ് ചര്‍ച്ച ചെയ്യാനിരിക്കുകയാണെന്നാണ് വിവരം.

അഞ്ച് ടീമുകള്‍ വീതം ഉള്‍പ്പെടുന്ന രണ്ട് ഗ്രൂപ്പായി ടീമുകളെ തിരിക്കാനാണ് പദ്ധതി. ഹോം മാച്ചുകളും എവേ മാച്ചുകളും ഉള്‍പ്പെടുത്തിയാണ് പരിഷ്കരണത്തിന്‍ ബിസിസിഐ ഒരുങ്ങുന്നത്. ഓരോ ഗ്രൂപ്പിലെയും മൂന്ന് ടീമുകള്‍ സൂപ്പര്‍ സിക്സിലെത്തും. സെമിബെര്‍ത്തിനായി ഇതില്‍ ഓരോ ടീമുകളും പരസ്പരം ഏറ്റുമുട്ടും. ഈ രീതി അവലംബിച്ചാല്‍ കളികളുടെ എണ്ണം 62 എണ്ണത്തിലൊതുക്കാമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍ .

ഐപി‌എല്‍ ടൂര്‍ണ്ണമെന്‍റിന്‍റെ ദൈര്‍ഘ്യം മൂലം പല രാജ്യങ്ങളും താരങ്ങളെ ടൂര്‍ണ്ണമെന്‍റിനയ്ക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. വിശ്രമമില്ലാതെ കളിക്കുന്നത് മൂ‍ലം താരങ്ങളുടെ കായികക്ഷമതയെയും ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതിയും വ്യാപകമാണ്. ഇക്കാ‍ര്യങ്ങള്‍ പരിഗണിച്ചാണ് ബിസിസിഐ നീക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :